സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എം ജി റോഡും റഹീം മെമ്മോറിയല്‍ റോഡും (ഗാന്ധി ജംഗ്ഷന്‍) കൂടിച്ചേരുന്ന ഭാഗത്ത് കള്‍വര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ടൗണില്‍ നാളെ മുതല്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. താളൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ് ഗാന്ധി ജംഗ്ഷനില്‍ ബൈപാസിന് സമീപമായി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തതിന് ശേഷം ബൈപാസ് വഴി ചുങ്കം ഭാഗത്തേക്ക് പോവുകയും ചുങ്കം സ്റ്റാന്റില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തതിന് ശേഷം ലക്ഷ്യസ്ഥാനത്തേക്ക് പോകണം.
ബെപാസ് റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. നമ്പ്യാര്‍കുന്ന്, പുല്‍പ്പള്ളി, കല്ലൂര്‍, മുത്തങ്ങ എന്നിവിടങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ ചുങ്കം ബസ് സ്റ്റാന്റില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. മാനന്തവാടി, കല്‍പ്പറ്റ, അമ്പലവയല്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ കോടതിയുടെ മുന്‍വശം ആളുകളെ ഇറക്കിയതിനു ശേഷം പഴയ ബസ്റ്റാന്റില്‍ പ്രവേശിച്ച് ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തതിനു ശേഷം തിരിച്ചു പോകുമ്പോള്‍, അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നും ആളുകളെ കയറ്റി പോകേണ്ടതാണ്.
എല്ലാ ചരക്കു ലോറികളും എന്‍ എച്ച് 766 വഴി കടന്നു പോകണം. മലബാര്‍ ഗോള്‍ഡിന് മുന്‍വശമുള്ള ബസ് സ്റ്റോപ്പിലും കീര്‍ത്തി ടവറിന് മുന്‍വശമുള്ള ബസ് സ്റ്റോപ്പിലും ഇന്ന് മുതല്‍ താല്‍ക്കാലികമായി ബസുകള്‍ നിര്‍ത്തില്ല. ഗ്യാരേജില്‍ നിന്നും പുറപ്പെടുന്ന ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളും, ദീര്‍ഘ ദൂര പ്രൈവറ്റ് ബസ്സുകളും 2 മിനിറ്റില്‍ കൂടുതല്‍ സമയം ചുങ്കം ബസ് സ്റ്റോപ്പില്‍ ആളുകളെ കയറ്റാനും ഇറക്കാനുമായി നിര്‍ത്തിയിടാന്‍ പാടില്ല. ദീര്‍ഘ ദൂര ബസ്സുകള്‍ അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നും ആളുകളെ കയറ്റി ഇറക്കി പോകണം. എന്‍.എച്ച് 766 ല്‍ പാര്‍ക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലത്തല്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. കള്‍വര്‍ട്ട് പ്രവൃത്തി നടക്കുന്ന എം.ജി, റഹീം മെമ്മോറിയല്‍ റോഡില്‍ ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ ഗതാഗതം അനുവദിക്കുകയുള്ളെന്നും സുല്‍ത്താന്‍ ബത്തേരി നഗരസഭ അധികൃതര്‍ അറിയിച്ചു.