പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. മില്‍മയിലൂടെ 90 ശതമാനം ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞുവെന്നും ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

അമിതമായി ലഭിക്കുന്ന പാല്‍ ഉപയോഗിച്ച് മില്‍മയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഗ്രാന്‍ന്റോട് കൂടി 100 കോടി രൂപ ചിലവില്‍ മലപ്പുറത്ത് പാല്‍പ്പൊടി ഫാക്ടറി ആരംഭിക്കും. അന്യ രാജ്യങ്ങളിലേക്കും അന്യസംസ്ഥാനത്തേക്കും പാല്‍പ്പൊടി, പാലിന്റെ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ 60 ശതമാനം ഫണ്ടും കേരളത്തിന്റെ 40 ശതമാനം ഫണ്ടും ഉപയോഗിച്ച് കേരളത്തിലെ പശുക്കള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി രണ്ടര വര്‍ഷത്തില്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി. ജില്ലയിലെ മികച്ച ആപ്‌കോസ് ക്ഷീര സംഘത്തെ ആദരിച്ചു. ക്ഷീരവികസന വകുപ്പ് തരിശുനില തീറ്റ പുല്‍കൃഷി പദ്ധതി ധനസഹായം ടി.ആര്‍.സി.എം.പി.യു. ചെയര്‍മാന്‍ മണി വിശ്വനാഥ് വിതരണം ചെയ്തു. ക്ഷീര സംഘങ്ങള്‍ക്കുള്ള എഫ്.എസ്.എസ്.എ. ധനസഹായം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി വിതരണം ചെയ്തു. ക്ഷീര സംഗമം ലോഗോ മത്സര വിജയിക്ക് ക്ഷീരവികസന വകുപ്പ് ജോയിന്‍ ഡയറക്ടര്‍ (പ്ലാനിങ്) ശാലിനി ഗോപിനാഥ് ആദരം നല്‍കി.