പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷന്റെ സംസ്ഥാനത്തെ ആദ്യ സബ് ഓഫീസ് മാവേലിക്കര മിനി സിവിൽ സ്റ്റേഷനിൽ
ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂടുതൽ സബ് ഓഫീസുകൾ തുടങ്ങും. മാവേലിക്കര സബ് ഓഫീസ് തുറന്നത് അതിന്റെ ആദ്യപടിയാണെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ തൊഴിലും വരുമാനവും ആർജിക്കാൻ കഴിയുന്ന രീതിയിലേക്ക് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ മാറ്റും. വായ്പ നൽകുന്ന പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കും. വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനുള്ള സൗകര്യം ഒരുക്കും. ഇതിനായി 10 ലക്ഷം രൂപ വീതമാണ് നൽകുന്നത്. ആൺകുട്ടികൾക്ക് നാല് ശതമാനം പലിശയിലും പെൺകുട്ടികൾക്ക് 3.5 ശതമാനം പലിശയിലും ആണ് ധനസഹായം നൽകുന്നത്.

പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽനിന്ന് കഴിഞ്ഞവർഷം രണ്ട് വിദ്യാർത്ഥികളെ വിദേശ സർവ്വകലാശാലകളിൽ പഠനത്തിന് അയക്കാനായി. ഈ വർഷം അർഹരായ പത്ത് വിദ്യാർഥികൾക്ക് ഈ അനുകൂല്യം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ പരിശീലനത്തിനായി പോളിടെക്നിക്കുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു.

പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരികയാണ് സർക്കാർ നയം. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് രണ്ടുവർഷംകൊണ്ട് 425 വിദ്യാർത്ഥികളെയാണ് വിദേശ പഠനത്തിന് അയക്കാനായത്. ഈ വർഷം 310 പേരെ ഈ ആനുകൂല്യത്തിന് അർഹരായി തിരഞ്ഞെടുത്തിട്ടുണ്ട്.
ദേശീയ പിന്നാക്ക വികസന ധനകാര്യ കോർപറേഷൻ രണ്ട് ശതമാനത്തിൽ സംസ്ഥാനത്തിന് നൽകിക്കൊണ്ടിരുന്ന പണം ഇപ്പോൾ നാല് ശതമാനം പലിശയാക്കി ഉയർത്തി. ന്യൂപക്ഷ വിഭാഗങ്ങളിലെ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസ് വിദ്യാർഥികൾക്ക് നൽകിയിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുള്ള പണം കേന്ദ്ര സർക്കാർ നിർത്തലാക്കി. ഈ സാഹചര്യത്തിൽ സംസ്ഥാന ബജറ്റിൽ 25 കോടി പ്രത്യേകം മാറ്റിവെച്ചാണ് ഈ സ്കോളർഷിപ്പുകൾ നിലനിർത്തുന്നത്. ഇത്തരം പ്രതിസന്ധികൾ ഈ മേഖലയിൽ നിലനിൽക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മാവേലിക്കര മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. മോഹൻകുമാർ, കെ.എസ്.ഡി.സി.സി മാനേജിംഗ് ഡയറക്ടർ ബി.ബാബുരാജ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ എസ്. ചന്ദ്രശേഖർ, കെ.എസ് ഡി.സി.സി കോർപ്പറേഷൻ ചെയർമാൻ ഡോ. ജാസി ഗിഫ്റ്റ്, പിന്നോക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ സെക്രട്ടറി (കോർപ്പറേഷൻ ഡയറക്ടർ) എസ്. ലത, കെ.എസ്.ഡി.സി.സി. കോർപ്പറേഷൻ ഡയറക്ടർമാരായ ഡോ.എം.കെ സുരേഷ്, സിജു സെബാസ്റ്റ്യൻ, തഹസിൽദാർ ഡി.സി ദിലീപ്കുമാർ, റീജിയണൽ മാനേജർ എസ്.ആർ നിഷാദ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവര്‍ പങ്കെടുത്തു.