ജില്ലയിലെ തിരഞ്ഞെടുത്ത 7 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ (എന്‍എബിഎച്ച്) അംഗീകാര നിറവില്‍. നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് സംസ്ഥാനത്തെ ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാനവ്യാപകമായ സംരംഭത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം ലഭിച്ചത്.

ആദ്യഘട്ടത്തില്‍ മീനങ്ങാടി, പുതുശ്ശേരി, തരിയോട്, മൂപ്പൈനാട് എന്നിവിടങ്ങളിലെ ആയുര്‍വേദ കേന്ദ്രങ്ങളും, വാളേരി, വെള്ളമുണ്ട, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ ഹോമിയോപ്പതി കേന്ദ്രങ്ങള്‍ക്കുമാണ് അക്രഡിറ്റേഷന്‍ ലഭിച്ചത്. ഒന്നാം ഘട്ടത്തിലെ സ്ഥാപനങ്ങളിലെ പ്രാരംഭ നടപടികള്‍ ഏപ്രിലില്‍ ആരംഭിച്ച് 90 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി എന്‍.എ.ബി.എച്ചിലേക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മാ മാനദന്ധങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗീകാരമാണ് എന്‍ എ ബി എച് ആക്രഡിറ്റേഷനിലൂടെ ലഭിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, രോഗീസൗഹൃദം, രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവ ഉള്‍പെടെയുള്ള സേവന നിലവാരങ്ങളുടെ വിലയിരുത്തലുകളെ തുടര്‍ന്നാണ് എന്‍ എ ബി എച്ച് അംഗീകാരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ അംഗീകാരം. കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.
എന്‍.എ.ബി.എച്ച് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ വകുപ്പുതല ജില്ലാ ക്വാളിറ്റി ടീമുകള്‍ രൂപീകരിച്ചു. എന്‍.എ.ബി.എച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല നോഡല്‍ ഓഫീസര്‍മാരെയും ഫെസിലിറ്റേറ്റേഴ്‌സിനെയും നിയോഗിച്ചുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവബോധം നല്‍കുന്നതിന് യോഗങ്ങള്‍ സംഘടിപ്പിക്കുകയും, ക്വാളിറ്റി ടീമുകള്‍ക്കും കമ്മ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കും വിവിധ തലങ്ങളില്‍ പരിശീലനങ്ങളും നല്‍കി. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് എന്‍.എ.ബി.എച്ച് അസ്സസ്‌മെന്റ് ചെക്ക് ലിസ്റ്റ് പ്രകാരമുള്ള പരിശോധനകള്‍ നടത്തി ന്യൂനതകള്‍ പരിഹരിക്കുകയും ചെയ്തു. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിച്ചു. മാര്‍ച്ചിനകം രണ്ടാം ഘട്ടത്തിലുള്ള സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും .രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ 7 സ്ഥാപനങ്ങളാണ് സേവന ഭൗതിക ഗുണനിലവാരം മെച്ചപ്പെടുത്തി എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ നേടാന്‍ തയ്യാറെടുക്കുന്നത്. നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ് , ഹോമിയോപ്പതി വകുപ്പ്, തദ്ദേശ സ്വയഭരണ സ്ഥാപങ്ങള്‍ എന്നിവയുടെ സഹകരണമാണ് ഈ നേട്ടത്തിലേക്ക് ആയുഷ് സ്ഥാപനങ്ങളെ എത്തിക്കാന്‍ സഹായിച്ചത്.