39 -മത് സംസ്ഥാന  ടെക്നിക്കൽ ഹൈസ്‌കൂൾ കായികമേള ജനുവരി 12 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ സ്‌കൂളാണ് കായികമേളയ്ക്ക്  ആതിഥേയത്വം വഹിക്കുന്നത് . കായിക മത്സരങ്ങൾ  കേരള സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കായികമേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു നിർവഹിക്കും. മന്ത്രി ജി.ആർ അനിൽ അധ്യക്ഷനാകും. ആന്റണി രാജു എംഎൽഎ, ശശി തരൂർ എം.പി, തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ എസ്, അടൂർ പ്രകാശ് എം.പി, എംഎൽഎമാരായ ഡി.കെ മുരളി, ജി.സ്റ്റീഫൻ, വി.കെ പ്രശാന്ത്  തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ദേശീയ ഫുട്‌ബോൾ ടീം മുൻ ക്യാപ്റ്റൻ സി.കെ വിനീത് കായിക താരങ്ങൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 3.30 ന് കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് സംഘടിപ്പിക്കും.

14ന് വൈകിട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ 39 സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലെയും 9 ഐ എച്ച് ആർ ഡി സ്‌കൂളുകളിലെയും ഏകേദശം 850 ൽ പരം കായിക പ്രതിഭകളാണ് കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുക. മത്സരാർത്ഥികൾ അടക്കം ഏകേദശം1250 ഓളം പേർ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമാകും.

ജനുവരി 13ന്  രാവിലെ  എട്ടിന്  ആരംഭിച്ച്  14ന് വൈകിട്ട് മൂന്നിന് സമാപിക്കുന്ന തരത്തിലാണ് 58  ഇനങ്ങളിലായുള്ള മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.  ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് കായികമേള സംഘടിപ്പിക്കുന്നത്. മത്സരവേദി സജ്ജീകരണം, ഭക്ഷണം, കുടിവെള്ള വിതരണം, ഗതാഗതസംവിധാനം, സുരക്ഷിതമായ വേദി, താമസം തുടങ്ങിയ സൗകര്യങ്ങൾ കായികമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.  മന്ത്രി  ജി.ആർ  അനിൽ ചെയർമാനായും നെടുമങ്ങാട്  നഗരസഭ ചെയർപേഴ്സൺ ശ്രീജ സി.എസ്  വർക്കിംഗ് ചെയർപേഴ്സണായും  301 അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി ഇതിന്റെ ഭാഗമായി രൂപീകരിച്ചിരുന്നു. സംഘാടക സമിതിയുടെ മേൽനോട്ടത്തിൽ വിവിധ സബ് കമ്മിറ്റികളും വിപുലമായ പ്രവർത്തനം നടത്തിവരികയാണ്.

മത്സരാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജ, സംഘാടക സമിതി ജനറൽ കൺവീനർ ബിന്ദു.ആർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുൽഫിക്കർ എ. തുടങ്ങിയവർ മന്ത്രിയോടൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.