സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണിയും അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും.

കുടുംബ പ്രശ്‌നങ്ങള്‍, മദ്യപാനം, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, സാമ്പത്തിക ക്രമക്കേട്, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ പരിഗണനയ്ക്ക് എത്തിയത്. വിവാഹശേഷം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിന് വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണം. യുവജനതയ്ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഏറിവരുന്നത് തടയുന്നതിന് താഴെത്തട്ടില്‍ നിന്ന് ബോധവത്ക്കരണം നടത്തണം. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി പബ്ലിക് ഹിയറിംഗ്, പട്ടിക വര്‍ഗ മേഖലാ ക്യാമ്പ്, തീരദേശ ക്യാമ്പ് എന്നിവ വനിതാ കമ്മിഷന്‍ സംഘടിപ്പിച്ചു വരികയാണ്. വിവിധ തൊഴില്‍ മേഖലകളിലെ സ്ത്രീകളുടെ പ്രത്യേക പ്രശ്‌നങ്ങളാണ് പബ്ലിക് ഹിയറിംഗിലൂടെ പഠിക്കുന്നത്. പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് പട്ടികവര്‍ഗ മേഖലാ ക്യാമ്പിലൂടെ മനസിലാക്കുന്നത്. തീരപ്രദേശങ്ങളിലെ വനിതകളുടെ പ്രശ്‌നങ്ങളാണ് തീരദേശ ക്യാമ്പിലൂടെ കമ്മിഷന്‍ നേരിട്ട് അറിയുന്നത്. സ്ത്രീകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നതിനുള്ള വലിയ അവസരമാണ് വനിതാ കമ്മിഷന്‍ ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഈ പരിപാടികളില്‍ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങള്‍ സ്വരൂപിച്ച് പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ സഹിതം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ടായി സമര്‍പ്പിക്കുമെന്നും വനിതാ കമ്മിഷന്‍ അംഗങ്ങള്‍ പറഞ്ഞു.

എറണാകുളം ജില്ലാതല സിറ്റിംഗില്‍ 110 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 23 പരാതികള്‍ തീര്‍പ്പാക്കി. മൂന്ന് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിക്കുന്ന 84 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, കൗണ്‍സലര്‍ ടി.എം. പ്രമോദ്, പാനല്‍ അഭിഭാഷകരായ അഡ്വ. വി.എ. അമ്പിളി, അഡ്വ. സ്മിത ഗോപി, അഡ്വ. പി. യമുന, കെ.ബി. രാജേഷ് എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.