കാക്കനാട്: ദേശീയ വിരവിമുക്ത ദിനാചരണം ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ കാക്കനാട് മാര്‍ അത്തനേഷ്യസ് സ്‌കൂളില്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും കുട്ടികളിലെ പഠന വൈകല്യങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം നിര്‍ദ്ദേശിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആശാ സനല്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഒരു വിദ്യാലയത്തിലെ രണ്ട് അദ്ധ്യാപകര്‍ക്ക് കുട്ടികളിലെ പഠനവൈകല്യങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനവും നല്‍കും.
പ്രളയകാലത്തുള്‍പ്പെടെ ആരോഗ്യ വകുപ്പ് നല്‍കിയ സേവനങ്ങളെ പ്രസിഡന്റ് അഭിനന്ദിച്ചു. ആയിരക്കണക്കിന് അഭയാര്‍ഥികളുണ്ടായിരുന്ന ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാതിരുന്നത് വകുപ്പിന്റെ മികച്ച പ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും പ്രളയകാലത്തെ ഐക്യം നാം പിന്തുടരണമെന്നും പ്രസിഡന്റ് പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഏഴ് ലക്ഷം കുട്ടികള്‍ക്ക് വിരഗുളിക നല്‍കി. കുട്ടികളെ ബാധിക്കുന്ന വിരശല്യം അവര്‍ കഴിക്കുന്ന ആഹാരത്തിലെ പോഷക മൂല്യത്തിന്റെ നല്ലൊരു പങ്ക് നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇതുമൂലം കുട്ടികളില്‍ വിളര്‍ച്ച, വളര്‍ച്ചക്കുറവ്, പ്രസരിപ്പില്ലായ്മ, പഠനത്തില്‍ ഏകാഗ്രതകുറവ് എന്നിവ ഉണ്ടാകുന്നു. ആറ് മാസമിടവിട്ട് വിരയ്‌ക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ കഴിക്കുകയാണ് ഇതിനുള്ള ഏക പ്രതിവിധി. വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുകളുടെ സഹകരണത്തോടെ അങ്കണവാടികള്‍ വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഒന്ന് മുതല്‍ 19 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ദേശീയ വിരവിമുക്ത ദിനത്തില്‍ ഒരു ഡോസ് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി.
ജില്ലയില്‍ 738682 കുട്ടികള്‍ക്കാണ് ഗുളിക നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ ദേശീയ വിരവിമുക്ത ദിനത്തില്‍ ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ സമ്പൂര്‍ണ്ണ വിരവിമുക്ത ദിനമായ നവംബര്‍ ഒന്നിന് ഗുളിക കഴിക്കണം. ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പ്രതിരോധ ഗുളികകള്‍ മടികൂടാതെ കഴിക്കുവാനും മറ്റുള്ളവരെ കഴിപ്പിക്കാനും എല്ലാവരും തയ്യാറാകണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി. ഡി. ഷീലാ ദേവി പറഞ്ഞു.
വിദ്യാര്‍ത്ഥിക്ക് ഗുളികനല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗുളിക കഴിച്ച് പദ്ധതിയില്‍ പങ്കാളിയായി. ദിനാചരണ സന്ദേശം നല്‍കിയ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ മാത്യൂസ് നുമ്പേലി ഭക്ഷണത്തിന് മുന്നേയും ടോയ്‌ലറ്റില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നീ മൂന്ന് ആരോഗ്യ ശീലങ്ങള്‍ കുട്ടികളില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു.
തൃക്കാക്കര നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സീന റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി മുഖ്യ പ്രഭാഷണം നടത്തി. ഡോ. എന്‍. എ. ഷീജ, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ മായാ ലക്ഷ്മി, തൃക്കാക്കര നഗരസഭാംഗങ്ങളായ ഷബ്‌ന മെഹറലി, കെ.ടി എല്‍ദോ, മേരി കുര്യന്‍, ജിജോ ചിങ്ങത്തറ, ലിജി സുരേഷ്, കാക്കനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ധന്യ, മാര്‍ അത്തനേഷ്യസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിബു പുറവത്ത്, ഡോ. ഉഷാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.