നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി. പ്രളയം തകര്‍ത്ത പമ്പയിലെയും ബേസ് ക്യാമ്പായ നിലയ്ക്കലിലെയും നിര്‍മാണ, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. നവംബര്‍ 17ന് മണ്ഡല മകര വിളക്ക് ഉത്‌സവത്തിന് മുമ്പ് പൂര്‍ത്തിയാകുന്ന വിധത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
ത്രിവേണി പാലം മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള പാതയും പമ്പയിലെ കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍ഡിന്റേയും ചക്കുപാലത്തെയും അറ്റകുറ്റപ്പണികളും ഒക്‌ടോബര്‍ 30നകം പൂര്‍ത്തിയാകും. പമ്പയിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള വഴി പൂര്‍ത്തിയായി. ത്രിവേണി പാലത്തിനടുത്ത് നിന്ന് പമ്പ, കക്കി നദികളുടെ മുകള്‍ ഭാഗത്തേക്ക് 50 മീറ്റര്‍ നീളത്തില്‍ മണ്ണു നീക്കം ചെയ്തു കഴിഞ്ഞു. 23,500 കുബിക് മീറ്റര്‍ ചെളിയും മണ്ണും നീക്കം ചെയ്തു. കക്കി നദിയുടെ മുകള്‍ ഭാഗത്ത് ഇതിനായി മാത്രം വോള്‍വോയുടെ മണ്ണു നീക്കുന്ന യന്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. ത്രിവേണി പാലത്തിന് താഴ്ഭാഗത്ത് പമ്പയില്‍ 500 മീറ്റര്‍ നീളത്തില്‍ മണ്ണു മാറ്റുന്ന പ്രവൃത്തി പൂര്‍ത്തിയായി. കഴിഞ്ഞ ആഴ്ച കനത്ത മഴയെ തുടര്‍ന്ന് നദിയിലേക്ക് വീണ്ടും മണ്ണു നിറഞ്ഞത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറിയ ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു.
ത്രിവേണിപാലം നടപ്പാലം എന്നിവയുടെ ബലവും സുരക്ഷയും സംബന്ധിച്ച പരിശോധന പൂര്‍ത്തിയായി. ഇവയുടെ അറ്റകുറ്റപ്പണി 30ന് പൂര്‍ത്തിയാകും. പമ്പയിലെ 240 ടോയിലറ്റുകള്‍, ആശുപത്രി പരിസരം, ടാങ്കുകള്‍ എന്നിവ വൃത്തിയാക്കിക്കഴിഞ്ഞു.
നിലയ്ക്കലില്‍ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 160 മൊബൈല്‍ ടോയിലറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണശാലയുടെ എട്ട് ഫൗണ്ടേഷനുകള്‍ പൂര്‍ത്തിയായി. നവംബര്‍ 11ഓടെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഇവിടെ മൂന്ന് കാര്‍ പാര്‍ക്കിംഗ് മേഖലകളും സജ്ജമായിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കുള്ള ഒരു വിശ്രമകേന്ദ്രത്തിന്റെ ഫൗണ്ടേഷന്‍ ഈ മാസം 30നും മറ്റൊന്ന് നവംബര്‍ ഏഴിനും തയ്യാറാകും. ബാക്കിയുള്ള കേന്ദ്രങ്ങള്‍ നവംബര്‍ 11ഓടെ പൂര്‍ത്തിയാവും. നിലയ്ക്കലിലെ പോലീസ് ബങ്കുകളുടെ നിര്‍മാണവും ഇതോടൊപ്പം പൂര്‍ത്തിയാകും.