ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ജില്ലാതല സ്ഥിരം ആഘോഷസമിതി യോഗം ചേര്‍ന്നു. റിപ്പബ്ലിക് ദിനത്തില്‍ എല്ലാ ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലും പതാക ഉയര്‍ത്തുന്നതിനും പതാക ഉയര്‍ത്തലും താഴ്ത്തലുമായി ബന്ധപ്പെട്ട മുഴുവന്‍ ചട്ടങ്ങളും പാലിക്കുന്നതിനും ഓഫീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

കോട്ടമൈതാനത്ത് നടക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡില്‍ എ.ആര്‍. പോലീസ്, കെ.എ.പി., ലോക്കല്‍ പോലീസ്, എക്‌സൈസ് ജീവനക്കാര്‍, വാളയാര്‍ ഫോറസ്റ്റ് സ്‌കൂള്‍ ട്രെയ്‌നീസ്, വാളയാര്‍ ഫോറസ്റ്റ് സ്‌കൂള്‍ വനിതാ കേഡറ്റുമാര്‍, എന്‍.സി.സി., സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

കോട്ടമൈതാനത്ത് ജനുവരി 22, 23 തീയതികളില്‍ വൈകിട്ട് മൂന്നിനും 24 ന് രാവിലെയും പരേഡ് റിഹേഴ്‌സല്‍ നടക്കും. 26ന് രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെ റിപ്പബ്ലിക് ദിനാഘോഷം ആരംഭിക്കും. തുടര്‍ന്ന് ദേശീയപതാക ഉയര്‍ത്തും. പരേഡിനെ തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.

പരേഡില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഗതാഗത സൗകര്യം, ബാന്‍ഡ് സെറ്റ്, കലാപരിപാടികള്‍, പന്തല്‍, അലങ്കാരങ്ങള്‍, മൈതാനം നിരപ്പാക്കല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്കുള്ള സജ്ജീകരണം, ശുചീകരണം, സുരക്ഷാ ക്രമീകരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടറുടെ ചേബറില്‍ ചേര്‍ന്ന യോഗത്തില്‍ യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ. ഡി. ആനന്ദവല്ലി, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.