വകുപ്പുകളുടെ സഹകരണത്തോടെ പ്രതിരോധം ഊര്‍ജിതമാക്കുമെന്ന് ഡി.എം.ഒ
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ(ആരോഗ്യം) ആഭിമുഖ്യത്തില്‍ കാന്‍സര്‍, മന്ത്, കുഷ്ഠരോഗം എന്നിവയുടെ നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ അവലോകനയോഗം ചേര്‍ന്നു. കാന്‍സര്‍, മന്ത്, കുഷ്ഠരോഗം പ്രതിരോധവുമായി ബന്ധപ്പെട്ട് ജനുവരി മുതല്‍ സംഘടിപ്പിക്കുന്ന പരിരക്ഷ, എം.ഡി.എ, ആപ് കെ സാത്ത് ക്യാമ്പയിനുകളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനവും കൃത്യമായ പ്രചാരണവും ഉണ്ടായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പയിനായ ‘പരിരക്ഷ’ ജനുവരി 22 മുതല്‍ 30 വരെയും ദേശീയ മന്ത് രോഗ നിവാരണ സാമൂഹ ചികിത്സ ക്യമ്പയിന്‍ ‘എം.ഡി.എ’ ഫെബ്രുവരി 10 മുതല്‍ 12 വരെയും അതിഥി തൊഴിലാളികള്‍ക്കായുള്ള ലെപ്രസി അഥവാ കുഷ്ഠരോഗ നിവാരണ ക്യാമ്പയിന്‍ ‘ആപ് കെ സാത്ത്’ ജനുവരി 30 മുതല്‍ ഫെബ്രുവരി 13 വരെയുമാണ് സംഘടിപ്പിക്കുന്നത്.
ക്യാമ്പയിന്‍ സംബന്ധിച്ച് ഫീല്‍ഡ് സ്റ്റാഫുകളുടെ യോഗം വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പരിരക്ഷ പരിപാടിയുടെ ഭാഗമായി ശൈലി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ചികിത്സ, തുടര്‍ചികിത്സ തുടങ്ങിയവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ എടുക്കണം. ആപ് കെ സാത്ത് ക്യാമ്പയിനുമായി ബന്ധപ്പെട്ട് കിഫ് പോലുള്ള തൊഴിലുടമകളുടെ സംഘടനകളുമായി ബന്ധപ്പെടണം.എം.ഡി.എ ക്യാമ്പയിനില്‍ നെന്മാറ, പറമ്പിക്കുളം വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കണം. മെഡിക്കല്‍ ഓഫീസര്‍മാരുടെ ഏകോപനം ഉണ്ടായിരിക്കണമെന്നും എല്ലാവരും മരുന്ന് കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷണല്‍ മീഡിയ ഓഫീസര്‍ ആല്‍ജോ സി. ചെറിയാന്‍, വിവിധ വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍, വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.