സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും അവയവമാറ്റ ശസ്ത്രക്രിയ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനകീയ പങ്കാളിത്തത്തോടെ നിർമാണം പൂർത്തീകരിച്ച തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്താദ്യമായി ഒരു ജില്ലാ ആശുപത്രിയായ എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഇതു അഭിമാനമാണ്. എല്ലാ ജില്ലാ ആശുപത്രികളും ഇത്തരത്തിലുള്ള ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കുകയാണ് ലക്ഷ്യം. ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെ സാധാരണക്കാർക്ക് മികച്ച ചികിത്സയും സേവനവും നൽകി. ആശ്വാസത്തിന്റെ ഇടങ്ങളായി ആരോഗ്യ കേന്ദ്രങ്ങൾ മാറിയെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിന് പുറമേ ബീച്ച് ആശുപത്രിയിലും കാത്ത്ലാബ് സൗകര്യം ഇപ്പോൾ ലഭ്യമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രിയായ കോഴിക്കോടെ ഐ.എം.സി.എച്ചിന് ദേശീയ പുരസ്കാരം ലഭ്യമായി.
ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എം.പി മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ എൻ രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
എൻ.എച്ച്.എം പദ്ധതിയുടെ ഭാഗമായി സർക്കാരിൽ നിന്ന് ലഭിച്ച 15 ലക്ഷം രൂപയ്ക്ക് പുറമെ ജനകീയ കമ്മിറ്റി സമാഹരിച്ച ഒരു കോടി 30 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ചതാണ് പുതിയ കെട്ടിടം. ആരോഗ്യ കേന്ദ്രത്തിനായുള്ള സ്ഥലം ഏറ്റെടുപ്പിനും ജനകീയ ഫണ്ട് സമാഹരണത്തിനും സഹായിച്ച പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വർണ്ണാഭമായ ഘോഷയാത്രയും ഗാനമേളയും അരങ്ങേറി.