ജില്ലയിലെ നവകേരളസദസിൽ ലഭിച്ച നിവേദനങ്ങളിൽ ഇനിയും തീർപ്പുകൽപ്പിക്കാനുള്ളവ പരിഹരിക്കാൻ അടിയന്തര നടപടികളെടുത്തു മുന്നോട്ടുപോകാൻ സഹകരണ -തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പൊതുവിൽ എല്ലാ വകുപ്പുകളും പരാതികൾ പരിഹരിക്കാനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തുവെന്നാണ് അവലോകനത്തിൽ വ്യക്തമായതെന്നു ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ മന്ത്രി പറഞ്ഞു.
നവകേരളസദസുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിൽ 42,656 നിവേദനങ്ങളാണ് ലഭിച്ചത്. ഒരു നിവേദനത്തിലുള്ള ഒന്നിലധികം പരാതികൾ അടക്കം വിഷയാടിസ്ഥാനത്തിൽ തിരിച്ചപ്പോൾ 43,308 അപേക്ഷകളായിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗം അപേക്ഷകളിലും നടപടികൾ പുരോഗമിക്കുകയാണ്. 3024 നിവേദനങ്ങളിൽ തീർപ്പുകൽപ്പിച്ച് നവകേരള പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പരാതിപരിഹരിച്ചവ എല്ലാം പേർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. അവ കൂടി കണക്കിലെടുത്താൽ ഇതിലേറെ അപേക്ഷകളിൽ തീർപ്പുണ്ടായിട്ടുണ്ട്.
ഒന്നിലേറെ വകുപ്പുകൾ ഇടപെട്ടു തീർപ്പുണ്ടാക്കേണ്ട വിഷയങ്ങൾ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടു കോഡിനേഷൻ ഉറപ്പാക്കി മുന്നോട്ടുപോകണമെന്നും മന്ത്രി നിർദേശിച്ചു. രണ്ടാഴ്ച കൂടുമ്പോൾ ഈ വിഷയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ഗവ. സെക്രട്ടറിയും അവലോകനം ചെയ്യും. ഇങ്ങനെ തുടർച്ചയായ പ്രക്രിയയിലൂടെ പരിഹരിക്കാവുന്ന പരിഹരിച്ചും അല്ലാത്തവ എന്തുകൊണ്ടു പരിഹരിക്കാനാവില്ലെന്നു ബോധ്യപ്പെടുത്തിയും നവകേരളസദസുമായി ബന്ധപ്പെട്ടു കിട്ടിയ മുഴുവൻ അപേക്ഷകളോടും പ്രതികരിക്കുന്ന രൂപത്തിലാണ് സംസ്ഥാന സർക്കാർ നടപടിയെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ജി. നിർമൽകുമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു നവകേരളസദസിൽ ലഭിച്ച നിവേദനങ്ങളിൽ തീർപ്പാക്കിയവയുടെ എണ്ണവും നടപടികളുടെ പുരോഗതിയും ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു.