ശുചിത്വമിഷന്‍, മാനന്തവാടി മുനിസിപ്പാലിറ്റി, മാനന്തവാടി ഗവ കോളജ് എന്‍.എസ്.എസ് യൂണിറ്റ്, ഓട്ടോ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്നേഹാരാമം നാടിന് സമര്‍പ്പിച്ചു. മാനന്തവാടി നഗരസഭ ഓഫീസ് പരിസരത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് സമീപത്താണ് സ്നേഹാരാമം ഒരുക്കിയിട്ടുള്ളത്. പൂന്തോട്ടങ്ങളും ഇരിപ്പിടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും സ്നേഹാരാമത്തിന്റെ മോടി കൂട്ടുന്നുണ്ട്.

പൊതു ഇടങ്ങളെ വൃത്തിയുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് സ്നേഹാരാമങ്ങള്‍ ഒരുക്കുന്നത്. ശുചിത്വ മേഖലയില്‍ യുവതലമുറയുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ ഇടങ്ങളില്‍ സ്നേഹാരാമങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി സന്ദേശങ്ങള്‍ അടങ്ങിയ ചുവരെഴുത്തുകളും, സെല്‍ഫി സെന്ററുകളും മാനന്തവാടിയില്‍ വിവിധ ഇടങ്ങളില്‍ നിര്‍മ്മിക്കും.

മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ സ്നേഹാരാമം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പാത്തുമ്മ ടീച്ചര്‍ അധ്യക്ഷയായ പരിപാടിയില്‍ ക്ലീന്‍ സിറ്റി മാനേജര്‍ കെ.എം സജി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ വിപിന്‍ വേണുഗോപാല്‍, പി വി എസ് മൂസ, വാര്‍ഡ് കൗണ്‍സിലര്‍മാരായ അരുണ്‍ കുമാര്‍, ബാബു പുളിക്കന്‍, ലൈല സജി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ സലാം, എന്‍എസ്എസ്‌പ്രോഗ്രാം ഓഫീസര്‍ രതീഷ്, എന്‍.എസ്.എസ് ലീഡര്‍ അനുരാജ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ഓട്ടോ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.