ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ സാധ്യമാക്കും. ഇതിന്റെ ഭാഗമായി നമ്പികുളം, തോണിക്കടവ്, കരിയാത്തുംപാറ വയലട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കെ എം സച്ചിൻദേവ് എം എൽ എ, കെ ടി ഐ എൽ ചെയർമാൻ എസ്. കെ സജീഷ് എന്നിവർ സന്ദർശിച്ചു.

ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉള്ള മണ്ഡലമാണ് ബാലുശ്ശേരി. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇവ വിനോദസഞ്ചാരികൾക്ക് സാഹസിക യാത്ര അനുഭവവും മനോഹരമായ ദൃശ്യാനുഭൂതിയും അനുഭവവേദ്യമാക്കുന്നുണ്ട്.

ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കാലാനുസൃതമായ വിനോദ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും ബൗദ്ധിക സൗകര്യം മെച്ചപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നതെന്ന് എം എൽ എ പറഞ്ഞു. ടൂറിസം മാനേജ്മെൻറ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരിയാത്തുംപാറ- തോണിക്കടവ് ടൂറിസം പദ്ധതി, ഡിടിപിസിയുടെ കീഴിലുള്ള നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി, വയലട ടൂറിസം പദ്ധതി തുടങ്ങിയ പ്രദേശങ്ങൾ സർക്കാറിന്റെ വിവിധ സഹായ പദ്ധതികൾ ലഭ്യമാക്കാനാണ് ശ്രമം. ഇതോടൊപ്പം സ്വകാര്യ സംരംഭകരുടെയും വിവിധ തരത്തിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇതിന്റെ പ്രവർത്തങ്ങൾ വൈകാതെ ആരംഭിക്കാനാകുമെന്നാണ് കരുതന്നതെന്നും എം എൽ എ പറഞ്ഞു.

ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ സത്യജിത്, മണ്ഡലം വികസന മിഷൻ ജനറൽ കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റി അംഗം വി ജെ സണ്ണി, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.