പാലിയേറ്റീവ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാലിയേറ്റീവ് ഹോംകെയറിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് ജില്ലാ കളക്ടർ വി.ആർ വിനോദ്. സ്‌പെഷ്യൽ പാലിയേറ്റീവ് ഹോംകെയർ ഡ്രൈവിന്റെ ഭാഗമായാണ് കളക്ടറുടെ സന്ദർശനം. ജനുവരി 15 മുതൽ 21 വരെയാണ് പാലിയേറ്റീവ് വാരാചരണം സംഘടിപ്പിക്കുന്നത്. മലപ്പുറം താലൂക്കാശുപത്രി സെക്കൻഡറി ടീമിന്റെ കൂടെ മലപ്പുറം മൈലപ്പുറത്തുളള ജിതിന്റെ വീടും മലപ്പുറം കുന്നുമ്മലിലെ ഖദീജയുടെ വീടും കളക്ടർ സന്ദർശിച്ചു.

ചെസ് കളിക്കാരൻ കൂടിയായ ജിതിന് കളക്ടർ സ്നേഹോപഹാരം നൽകി. തൊഴിലധിഷ്ഠിത പുനരധിവാസം ആവശ്യമായ രോഗികൾക്ക് അതിനുവേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് കളക്ടർ അറിയിച്ചു. രോഗികളോടും ബന്ധുക്കളോടും കളക്ടർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. 2023ലെ പാലിയേറ്റീവ് കെയർ  ആക്ഷൻ പ്ലാൻ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷത്തെ പാലിയേറ്റീവ് വാരാചരണം നടത്തുന്നത്. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്നതാണ് ഈ വർഷത്തെ പാലിയേറ്റീവ് കെയർ വാരാചരണ പ്രമേയം.രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിന് അവരുടെ അയൽപക്കത്ത് തന്നെ സന്നദ്ധ പ്രവർത്തകരെ സജ്ജമാക്കുക, പരിചരണം ആവശ്യമായ എല്ലാ രോഗികളെയും കണ്ടെത്തി വാർഡ് അടിസ്ഥാനത്തിൽ രജിസ്റ്റർ തയാറാക്കുക, കൂടുതൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകുക, വിവിധ സർക്കാർ വകുപ്പുകളിൽ ജീവനക്കാർക്ക് ബോധവൽക്കരണം സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് വാരാചരണത്തിന്റെ ഭാഗമായി നടത്തുന്നത്. അസിസ്റ്റന്റ് കളക്ടർ സുമിത് കുമാർ ഠാക്കൂർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. എ.പി അബ്ദുൽ നിസാർ, ജില്ലാ പാലിയേറ്റീവ് കോഡിനേറ്റർ പി. ഫൈസൽ, മലപ്പുറം താലൂക്ക് ആശുപത്രി പി.ആർ.ഒ രേണു, സെക്കൻഡറി പാലിയേറ്റീവ് നഴ്‌സ് ചിത്ര കൃഷ്ണ എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.