ജില്ലയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കുന്നതിനും പൊതുപരീക്ഷയില്‍ വിജയം എളുപ്പമാക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എക്വിപ്പ് (എജ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) എന്ന പേരില്‍ തയ്യാറാക്കിയ പഠനസാമഗ്രികള്‍ വിതരണം ചെയ്തു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷാനവാസ് പാദൂര്‍ എന്നിവര്‍ പഠനസഹായികള്‍ കൈമാറി.

കാസര്‍കോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലകളിലെ എച്ച്.എം ഫോറം കണ്‍വീനര്‍മാരായ നാരായണന്‍, അജയകുമാര്‍, അധ്യാപിക ജ്യോതി എന്നിവര്‍ ഏറ്റുവാങ്ങി. പ്ലസ് ടുവില്‍ ആറ് വിഷയങ്ങളിലും എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങളിലുമാണ് മലയാളം, ഇംഗ്ലീഷ്, കന്നഡ ഭാഷകളില്‍ പഠനസഹായി തയ്യാറാക്കിയത്.

അറബി, ഉറുദു, സംസ്‌കൃതം ഭാഷാ വിഷയങ്ങളിലും പുസ്തകമുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.നന്ദികേശന്‍ നിര്‍വ്വഹണോദ്യോഗസ്ഥനായി ഡയറ്റിന്റെ സഹായത്തോടെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് എക്വിപ്പ് തയ്യാറാക്കിയത്. ആറര ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.എന്‍.സരിത, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.സജിത്ത്, ജാസ്മിന്‍ കബീര്‍, നജ്മ റാഫി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ് , ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.നന്ദികേശന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ രഘുറാം ഭട്ട്, ഫാക്കല്‍റ്റി മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.