സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി

കുന്നംകുളം നഗരസഭ മാലിന്യ സംസ്‌കരണം മികവുറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിലും ബസ് സ്റ്റാന്റിലും സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായി. സിസി ടിവി ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം എ.സി മൊയ്തീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി.

മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കുന്നതോടൊപ്പം നഗരത്തെ സുരക്ഷാവലയത്തിലാക്കുക കൂടിയാണ് ഇതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്. നഗരത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനും ഇതു വഴി കഴിയും. ഇതിനായി നഗരത്തിലെ പ്രധാനയിടങ്ങളില്‍ 18 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 15 ലക്ഷം രൂപ ചെലവിലാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. വാഹനങ്ങളുടെ നമ്പര്‍ പ്ലേയ്റ്റ് തിരിച്ചറിയാന്‍ കഴിയും വിധം ആധുനിക രീതിയിലുള്ള ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഭാവിയില്‍ 64 ക്യാമറകള്‍കൂടി സ്ഥാപിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നഗരസഭ ആരോഗ്യവിഭാഗത്തിലാണ് നിരീക്ഷണത്തിനായി റൂം സജ്ജമാക്കിയിട്ടുള്ളത്. കുന്നംകുളം പോലീസ് സ്റ്റേഷനിലും നിരീക്ഷണത്തിനുള്ള സൗകര്യങ്ങളുണ്ട്. ഇവ രണ്ടും കേന്ദ്രീകൃത നിരീക്ഷണ ഇടങ്ങളാണ്. മുനിസിപ്പല്‍ ജംഗ്ഷന്‍, ഹെര്‍ബര്‍ട്ട് റോഡ് ജംഗ്ഷന്‍, ടി.ടി ദേവസ്സി ജംഗ്ഷന്‍, തുറക്കുളം മാര്‍ക്കറ്റ്, വിക്ടറി, പഴയ ബസ് സ്റ്റാന്റ്, ടി.കെ കൃഷ്ണന്‍ റോഡ്, മധുരക്കുളം, ജവഹര്‍ തിയേറ്റര്‍, കാണിപ്പയ്യൂര്‍, വൈശ്ശേരി, ആനായ്ക്കല്‍ ജംങ്ഷന്‍, പനങ്ങാടി കയറ്റം, ചാട്ടുകുളം എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ചിലയിടങ്ങളില്‍ രണ്ടും മൂന്നും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുന്നംകുളത്തെ പ്രാദേശിക സിസി ടിവി നെറ്റ്‌വര്‍ക്ക് സംവിധാനത്തിലൂടെ പാലക്കാട് ഭഗവതി അസോസിയേറ്റ്‌സാണ് ക്യാമറകളുടെ പ്രവര്‍ത്തനം സജ്ജീകരിച്ചിട്ടുള്ളത്.

ചടങ്ങില്‍ നഗരസഭാ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ മനോജ് മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, എ.സി.പി സി.ആര്‍ സന്തോഷ്, സി.ഐ യു.കെ ഷാജഹാന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ഇ.സി ബിനയ് ബോസ്, സിസി ടിവി എം.ഡി ടി.വി ജോണ്‍സണ്‍, ഭഗവതി അസോസിയേറ്റ് എം.ഡി രാജേഷ്‌കുമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.