ഉദ്ഘാടനത്തിന് ഒരുങ്ങി കുന്നുകര അഗ്രി പ്രോഡക്ട്സ് ആന്റ് മാർക്കറ്റിങ് യൂണിറ്റ്
കളമശ്ശേരി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനവുമായി കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതി മുന്നേറുമ്പോൾ പദ്ധതിയുടെ ഭാഗമായി കുന്നുകരയിൽ നിന്ന് ഗുണമേന്മയുള്ള ചിപ്സുകൾ വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നു. കുന്നുകര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുന്നുകര അഗ്രി പ്രോഡക്റ്റ് ആന്റ് മാർക്കറ്റിംഗ് യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങി കഴിഞ്ഞു. ജനുവരി 27ന് രാവിലെ 10.30ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും.
ഏത്തക്കായ, മരച്ചീനി, എന്നിവയിൽ നിന്നുള്ള ഗുണമേന്മയും സ്വാദിഷ്ടവുമായ ചിപ്സുകൾ വിപണിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ “ചിപ്പ് -കോപ് ” എന്ന ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കാനാണ് കുന്നുകര സഹകരണ ബാങ്ക് ലക്ഷ്യമിടുന്നത്. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ബാങ്കുകൾക്ക് നബാർഡ് നൽകുന്ന അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് രണ്ട് കോടി രൂപ ഒരു ശതമാനം പലിശയിൽ കുന്നുകര സഹകരണ ബാങ്കിന് അനുവദിച്ചിരുന്നു. കൃഷിക്കൊപ്പം കളമശ്ശേരിയിൽ ഉൾപ്പെടുത്തി ഈ തുക ഉപയോഗിച്ച് അഗ്രോനേച്ചറിന്റെ സാങ്കേതിക സഹായത്തോടെയാണ് കുന്നുകര ജംഗ്ഷനിൽ കുന്നുകര അഗ്രി പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിങ് യൂണിറ്റ് സജ്ജമായിരിക്കുന്നത്.
വിദേശ വിപണി അടക്കം ലക്ഷ്യമിട്ട് ഏത്തക്കായ, മരച്ചീനി എന്നിവയുടെ മൂല്യവർദ്ധിത ഉൽപ്പന്നമായി വാക്വം ഫ്രൈഡ് ചിപ്സ് വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. എട്ട് ശതമാനത്തിൽ താഴെ ഓയിൽ കണ്ടന്റ് മാത്രമായി വിവിധ ഫ്ലേവറുകളിലാണ് ഉൽപ്പന്നങ്ങൾ വിദേശടെക്നോളജിയിലുള്ള ഫുള്ളി ഓട്ടോമേറ്റഡ് മെഷീനറി ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്നത്.
സഹകരണ എക്സ്പോയിൽ മന്ത്രി പി. രാജീവ് ചിപ് കോപ് ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് ഇറക്കിയിരുന്നു. വ്യാവസായിക ഉൽപാദനത്തിനാണ് തുടക്കം കുറിക്കാൻ ഒരുങ്ങുന്നത്. ഏത്തക്കായ മരച്ചീനി എന്നിവയിൽ നിന്നും ബനാന സാൾട്ടി, ബനാന പെരിപെരി, ടപ്പിയോക്ക പെരിപെരി, ടപ്പിയോക്ക ചില്ലി, ടപ്പിയോക്ക ചീസ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്.