ചേലക്കര നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത മീറ്റിങ്ങ് തിരുവനന്തപുരത്ത് മന്ത്രി കെ രാധാകൃഷ്ണൻ്റെ ചേമ്പറിൽ ചേർന്നു. മണ്ഡലത്തിലെ പ്രധാന കിഫ്ബി പ്രവൃത്തികളായ ചേലക്കര ബൈപ്പാസ് ,കൊണ്ടാഴി – കുത്താമ്പുള്ളി പാലം, കൊണ്ടയൂർ – ഓങ്ങല്ലൂർ പാലം, വള്ളത്തോൾ നഗർ ,പഴയന്നൂർ ഗ്രാമപഞ്ചായത്തുകളിലെ ഗ്യാസ് ക്രിമിറ്റോറിയങ്ങളുടെ നിർമ്മാണം സംബന്ധിച്ച പ്രവൃത്തികൾ, പൊതുമരാമത്ത് റോഡുകൾ , കെട്ടിടങ്ങൾ , പാലങ്ങൾ എന്നിവയുടെ നിർമ്മാണം വേഗത്തിലാക്കാനും തീരുമാനിച്ചു. ചേലക്കര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്റർ, ഇറിഗേഷൻ, വാട്ടർ അതോറിറ്റി, ജൽജീവൻ മിഷൻ എന്നിവയുടെ പ്രവൃത്തികൾ സമയബന്ധിതമായി തീർക്കാൻ മന്ത്രി നിർദ്ദേശം നൽകി. റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി നിൽക്കുന്ന സർവ്വെ നടത്തി കിട്ടാൻ ആവശ്യമായ സർവെയർമാരെ ഉടൻ തന്നെ വിട്ടു നൽകാനും ജില്ലാ സർവ്വെ സൂപ്രണ്ടിന് നിർദ്ദേശം നൽകി.

നിലവിൽ ടെണ്ടർ കഴിഞ്ഞ് ജൽജീവൻ മിഷൻ പദ്ധതികളുടെ ഭാഗമായി പൊളിച്ചിട്ട റോഡുകൾ സമയ ബന്ധിതമായി റീഫിൽ ചെയ്തു നൽകാൻ നിർദ്ദേശിച്ചു.കൊണ്ടാഴി പഞ്ചായത്തിലെ കേരകക്കുന്ന് കുടി വെള്ള പദ്ധതിയുടെ പൂർത്തീകരണത്തിന് ആസ്തി വികസന ഫണ്ടിൽ നിന്ന് മുൻപ് നൽകിയ 10 ലക്ഷം രൂപക്ക് പുറമെ 2023-24 വർഷത്തെ ആസ്തിവികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപകൂടി അധികമായി അനുവദിച്ചു നൽകുന്നതിന് നടപടി സ്വീകരിച്ചു.നിലവിലെ പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ വിവിധ വകുപ്പുകൾ ഏകോപ്പിപ്പിച്ച് പ്രവർത്തിക്കാൻ നിർദ്ദേശം നൽകി.

കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എഞ്ചിനീയർ അശോക് കുമാർ, ഇംപാക്ട് കേരള ഉദ്യോഗസ്ഥർ, ചീഫ് എഞ്ചിനീയർ ശ്രീദേവി പി, അഡീഷണൽ ഡയറക്ടർ ഹെൽത്ത് സർവ്വീസ് (പ്ലാനിങ്ങ് ) ഡോ. ഷിനു കെ എസ്, പൊതുമരാത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ എസ് ഹാരിഷ് , വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ പി എ സുമ, ജൽജീവൻ മിഷൻ നാട്ടിക പ്രൊജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബോബിൻ മത്തായ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. ശ്രീദേവി ടി പി , മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചി നീയർ അജയകുമാർ ആർ, ഇറിഗേഷൻ തൃശൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി കെ ജയരാജ്, ജില്ലാ സർവ്വെ സൂപ്രണ്ട് ജാൻസി കെ ജി, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ വി ഡി ഹരിത , കെ.എം.എസ്. സി.എൽ അസിസ്റ്റൻ്റ് മാനേജർ ടി വിഷ്ണു എന്നിവർ യോഗത്തിൽ പങ്കെടുത്തു.