മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി പ്രകാരം മുട്ടത്തറയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഫ്ളാറ്റുകളുടെ ഉടമസ്ഥാവകാശം ലഭിച്ച മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെ സംഗമം വിജെടി ഹാളില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.
മൂന്നര ഏക്കര്‍ സ്ഥലത്ത് രണ്ട് ബെഡ് റൂം, സിറ്റ്ഔട്ട്, അടുക്കള, ബാത്ത്റൂം സൗകര്യങ്ങളോടെ 192 വീടുകളാണ് മുട്ടത്തറയില്‍ നിര്‍മാണം പൂര്‍ത്തിയായത്. 2017 ഏപ്രിലില്‍ തറക്കല്ലിട്ട പദ്ധതി ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഡ്രെയിനേജ്, വൈദ്യുതി, ജലവിതരണ സംവിധാനം എന്നിവയുടെ ജോലികള്‍ നടക്കുന്നതിനിടെ പ്രളയം വന്നതിനാല്‍ തത്കാലത്തേക്ക് മുടങ്ങിയെങ്കിലും പ്രളയം കഴിഞ്ഞതോടെ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാറ്റുകളുടെ താക്കോല്‍ കൈമാറ്റം നടത്തുമെന്നും മന്ത്രി അറിയിച്ചു.
കോമണ്‍ അമിനിറ്റി ഹാള്‍, മാവേലി സ്റ്റോര്‍, അംഗന്‍വാടി, പരിശീലന കേന്ദ്രം, എന്നിവയും ഫ്ളാറ്റിനോടു ചേര്‍ന്ന് നിര്‍മിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇവയുടെ നിര്‍മാണ ഉദ്ഘാടനം ഫ്ളാറ്റ് ഉദ്ഘാടന ദിവസം തന്നെ നടത്തുമെന്നും മന്ത്രി അറിയിച്ചു.
പുതിയ അന്തരീക്ഷത്തിലേക്ക് 192 കുടുംബങ്ങള്‍ ഒരുമിച്ച് താമസം മാറ്റുമ്പോള്‍ എല്ലാവരും പരസ്പര സ്നേഹവും സൗഹാര്‍ദവും പുലര്‍ത്താന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ഫ്ളാറ്റുകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍  വാട്ടര്‍ അതോറിറ്റി, ഇലക്ട്രിസിറ്റി, കോര്‍പ്പറേഷന്‍, ഫിഷറീസ്, പോലീസ് വകുപ്പുകളുടെ ഉദ്യോഗസ്ഥരടങ്ങുന്ന പതിമൂന്ന് അംഗ കമ്മിറ്റി പ്രവര്‍ത്തിക്കും. ഇതില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പ്രാതിനിധ്യമുണ്ടാകും. ഫ്ളാറ്റുകളുടെ സുരക്ഷിതത്വത്തിനായി വിമുക്തഭടനായ സെക്യൂരിറ്റി ഗാര്‍ഡിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ എസ്. അജയന്‍, ഡെപ്യുട്ടി ഡയറക്ടര്‍ സന്തോഷ്, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ലോറന്‍സ് ഹാരോള്‍ഡ്, മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.