വിദ്യാര്‍ഥികളുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്ന വേദിയാവണം കോളജുകളെന്ന് ഉന്നത വിദ്യഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍. ബിന്ദു. കല്ലേറ്റുംകര കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ മണപ്പുറം സിഎസ്ആര്‍ ഫണ്ടില്‍ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകള്‍ കൈമാറുന്ന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാര്‍ഥികളുടെ നൂതനാശയങ്ങള്‍ മുന്നോട്ടുവെച്ച് യങ് ഇന്നോവേറ്റേഴ്‌സായി മാറാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഒരുക്കുന്നുണ്ട്. ചെറിയ സംരംഭങ്ങള്‍ തുടങ്ങാനും വഴിയൊരുക്കണം. പഠിക്കുന്ന അറിവുകള്‍ ഉത്പ്പന്നങ്ങളായും സേവനങ്ങളായും സമൂഹത്തിന് നല്‍കുന്നതിലൂടെ നവ വൈജ്ഞാനിക സമൂഹം സൃഷ്ടിക്കാന്‍ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോളജിലെ അവസാന വര്‍ഷ ഇലക്ട്രോണിക് വിദ്യാര്‍ഥികള്‍ നിര്‍മിച്ച മൈക്ക് പോഡിയം മന്ത്രി കോളജിന് സമര്‍പ്പിച്ചു.

ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ അധ്യക്ഷനായി. കോളജ് പ്രിന്‍സിപ്പല്‍ പി ആര്‍ ഷീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍, പി ടി എ വൈസ് പ്രസിഡന്റ് കെ ആര്‍ സന്തോഷ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പി ആര്‍ അനില്‍കുമാര്‍, സ്റ്റാഫ് ക്ലബ് സെക്രട്ടറി പി സാബു, മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഓ ജോര്‍ജ് ഡി ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.