സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയര്‍ സെക്കന്ററി തുല്യതാ സമ്പര്‍ക്ക പഠന ക്ലാസ്സുകള്‍ക്ക് തുടക്കമായി. പഠന ക്ലാസ്സിന്റെ ജില്ലാതല ഉദ്ഘാടനം ടി.സിദ്ധീഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പത്തെന്നും ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയ വിദ്യാഭ്യാസത്തെ തിരിച്ച് പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണ് സാക്ഷരത മിഷന്‍ ഒരുക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
ജില്ലയില്‍ പത്താം തരത്തിന് എട്ട് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി 508 പഠിതാക്കളും, ഹയര്‍ സെക്കന്ററി തുല്യതയില്‍ പത്ത് സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി 572 പഠിതാക്കളുമാണ് രജിസ്റ്റര്‍ ചെയ്തത്. മഹിളാ സമഖ്യ സൊസെറ്റിയുമായി സഹകരിച്ച് നടത്തുന്ന മുന്നേറ്റം പദ്ധതിയിലൂടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആശാ പ്രവര്‍ത്തകരുടെ തുടര്‍പഠന പദ്ധതിയിലൂടെയും കണ്ടെത്തിയ പഠിതാക്കളെയും സമ്പര്‍ക്ക പഠന ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തുടര്‍ പഠന പദ്ധതികളും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വകുപ്പുകളില്‍ നിന്നുള്ള ധനസഹായവും അര്‍ഹരായ തുല്യത പഠിതാക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. പാഠപുസ്തക വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് നിര്‍വ്വഹിച്ചു. സാക്ഷരതാ മിഷന്റെ മുഖമാസികയായ അക്ഷര കൈരളിയുടെ പ്രചരണ ക്യാമ്പയിനിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. പത്താം തരം തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടിയ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ പഠിതാവായ ശിവാംഗിയെ എം.എല്‍.എ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഉഷ തമ്പി, സീത വിജയന്‍, ജുനൈദ് കൈപ്പാണി, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, സ്റ്റാഫ് പി.വി. ജാഫര്‍, ജില്ലാ സാക്ഷരതാ സമിതി അംഗം ചന്ദ്രന്‍ കെനാത്തി എന്നിവര്‍ സംസാരിച്ചു. സെന്റര്‍ കോര്‍ഡിനേറ്റര്‍മാര്‍, പ്രേരക്മാര്‍, പഠിതാക്കള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.