സമഗ്ര ശിക്ഷ കേരള പേരാമ്പ്ര ബിആർസിയുടെ നേതൃത്വത്തിൽ ഒന്നാം വർഷം ഹയർ സെക്കൻഡറി കൊമേഴ്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ സംരംഭകത്വ വികസന പരിശീലന ക്യാമ്പിന് തുടക്കമായി. ഇന്നവേറ്റീവ് പ്രോഗ്രാം ഫോർ കൊമേഴ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സംരംഭകത്വ മനോഭാവവും സംരംഭകരുടെ സവിശേഷതകളും തിരിച്ചറിയൽ, വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ സാമ്പത്തിക സ്വാശ്രയത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കൽ, സംരംഭകത്വ മേഖലയോട് താൽപ്പര്യവും അഭിരുചിയും ഉള്ള കുട്ടികളെ കണ്ടെത്തൽ തുടങ്ങിയവയാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്. പേരാമ്പ്ര ബി ആർ സി പരിധിയിലെ എല്ലാ ഹയർ സെക്കന്ററിയിൽ നിന്നും തിരഞ്ഞെടുത്ത ഒന്നാം വർഷ വിദ്യാർത്ഥികളാണ് മൂന്ന് ദിവസത്തെ നോൺ റെസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുക്കുന്നത്.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫോറം കൺവീനർ ആർ ബി കവിത, റിസോഴ്സ് പേഴ്സൺമാരായ ജയരാജൻ, ജാഫർ, സുബീഷ്, ട്രെയിനർ കെ ഷാജിമ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ വി പി നിത സ്വാഗതവും ട്രെയിനർ എൽ കെ ശ്രീലേഖ നന്ദിയും പറഞ്ഞു