അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ തൊഴിലില്ലായ്മ എന്ന പ്രശ്നം പരിഹരിക്കുന്നതിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകി വരുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. ഉന്നത വിദ്യാഭ്യാസ വകുപ്പ് ചെറിയ കലവൂരിൽ നിർമിച്ച അസാപ് (അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) സ്‌കിൽ പാർക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശാസ്ത്ര സാങ്കേതിക വിദ്യ, ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന കാലത്ത് പൊതു വൈജ്ഞാനിക മേഖലകളുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളിലേക്ക് കേരളത്തിലെ സാധാരണക്കാരായ യുവതിയുവാക്കൾക്കും എത്തിപ്പെടാൻ കഴിയണമെന്ന കാഴ്ചപ്പാടോടെയാണ് അസാപ്പിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നവകേരള സൃഷ്ടിയുടെ ഭാഗമായി കേരള സമൂഹത്തെ പുത്തൻ വൈജ്ഞാനിക സമൂഹമായി മാറ്റുകയാണ് സംസ്ഥാന സർക്കാർ. തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന വിടവ് സ്‌കിൽ ഗ്യാപ്പാണ് എന്ന് പഠനങ്ങളിലൂടെ തിരിച്ചറിഞ്ഞതാണ്. ആ വൈദഗ്ധ്യപോഷണം അഥവാ നൈപുണി യുവജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് നൈപുണി വികസനവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളാണ് നൽകി വരുന്നത്. ഒപ്പം വ്യക്തിത്വ വികസനവും ക്രിയാത്മകതയും കർമശേഷിയും വർധിപ്പിക്കുക എന്ന ഉത്തരവാദിത്വവും അസാപ് ഏറ്റെടുക്കുന്നു.

സ്‌കിൽഡ് പ്രഫഷണലുകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി 16 കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അത്യന്താധുനിക സൗകര്യങ്ങളോടെയുള്ള അതിവിശാലമായ പരിശീലന കേന്ദ്രങ്ങൾ നൂതന തൊഴിൽ രംഗങ്ങളിലേക്ക് യുവജനതയെ പ്രാപ്തമാക്കുകയാണ്. തീരദേശ ജില്ലയായ ആലപ്പുഴയുടെ പ്രത്യേകത കണക്കിലെടുത്ത് സ്‌കൂബ ഡൈവിങ് പരിശീലനവും ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ്, കോസ്മെറ്റോളജി തുടങ്ങി പരിശീലനങ്ങൾക്കൊപ്പം നൽകിവരുന്നതായും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷനായി. എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും അനുവദിച്ച 1.9 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കംപ്യുട്ടർ ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 60 കംപ്യുട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് ലാബിലുള്ളത്. പരിശീലനത്തിനെത്തുന്നവർക്കുള്ള ഡോർമെട്രി സൗകര്യവും കാന്റീനും ഉൾപ്പെടെ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, അസാപ് കേരള ചെയർപേഴ്‌സൺ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.ഉഷ ടൈറ്റസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ജില്ലാപഞ്ചായത്തംഗം ആർ.റിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത,സുദർശനാഭായി, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എം തിലകമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എസ് ഗീതാ കുമാരി, ജി. ബിജുമോൻ, ടെക്ജൻഷ്യ സി.ഇ.ഒ ആൻഡ് കോ-ഫൗണ്ടർ ഡയറക്ടർ ജോയ് സെബാസ്റ്റ്യൻ, അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്‌സ് ഹെഡ് ലെഫ്. കമാൻഡർ (റിട്ട) ഇ.വി സജിത് കുമാർ, അസോസിയേറ്റ് ഡയറക്ടർ സെൻട്രൽ സോൺ കെ. വി. രാജേഷ് , മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ചെറിയ കലവൂർ ക്ഷേത്രത്തിന് സമീപം എ.എസ്. കനാലിനോട് ചേർന്ന് ജില്ല പഞ്ചായത്തിന്റെ 1.5 ഏക്കർ സ്ഥലത്താണ് അസാപ് പ്രവർത്തിക്കുന്നത്. 16 കോടി രൂപ ചെലവിൽ 25,000 ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ ഒരേ സമയം 600 വിദ്യാർഥികൾക്ക് പഠിക്കാം. ഐ.ടി., ആക്ടിവിറ്റി ബേസ്ഡ്, ഹെവി മെഷിനറി, പ്രിസിഷൻ ബേസ്ഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് നൈപുണി പരിശീലനം നൽകുന്നത്. ഇതോടൊപ്പം മെക്കാനിക്കൽ, ഫാഷൻ ഡിസൈനിങ്, കയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി തുടങ്ങിയവയും വിവിധ രാജ്യങ്ങളിലെ ഭാഷാപഠനത്തിലുള്ള പരിശീലനവും നൽകും.