സന്നിധാനത്ത് വെർച്വൽക്യൂ വഴി ബുക്ക് ചെയ്ത മൂന്നുലക്ഷത്തോളം തീർഥാടകർ ദർശനം നടത്തി. നവംബർ 16മുതൽ 27വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. 15 ലക്ഷം പേരാണ് വെർച്വൽക്യൂ വഴി ദർശനത്തിനായി ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. ആകെ 15.5ലക്ഷം പേർക്കാണ് വെർച്വൽക്യൂ വഴി സീസണിൽ ദർശനം അനുവദിക്കുന്നത്. ഇനിയും 50000പേർക്ക് കൂടി ഇതുവഴി ദർശനത്തിനായി ബുക്ക് ചെയ്യാൻ അവസരമുണ്ട്. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ വെർച്വൽക്യൂ ദർശനത്തിനുള്ള കൂപ്പണുകളുടെ എണ്ണം നിജപ്പെടുത്തിട്ടുണ്ട്. ബുക്ക് ചെയ്ത് ദർശനത്തിനെത്തുന്നവരുടെ തിരിച്ചറിയൽ രേഖകൾ പമ്പയിലെ രാമമൂർത്തീ മണ്ഡപത്തിൽ പരിശോധന നടത്തുന്നതിന് പോലീസ് കൗണ്ടറുകൾ പ്രവർത്തിക്കുന്നു. ബുക്ക് ചെയ്ത് എത്തുന്നവരെ ഇവിടുത്തെ പരിശോധനയ്ക്ക് ശേഷം മരക്കൂട്ടത്ത് നിന്നും ചന്ദ്രാനന്ദൻ റോഡുവഴി കടത്തിവിട്ട് വലിയ നടപ്പന്തലിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ക്യൂവിലൂടെയാണ് ദർശനം അനുവദിക്കുന്നത്. വെർച്വൽക്യൂ ബുക്കിങ് കൂപ്പണുകളിൽ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളാപോലീസിനാണ് വെർച്വൽക്യൂ സംവിധാനത്തിന്റെ പൂർണ നിയന്ത്രണം. കെൽട്രോണിന്റെ ആഭിമുഖ്യത്തിൽ പട്ടത്തുള്ള പോലീസ് കംപ്യൂട്ടർ സെന്ററിലാണ് ഇതിന്റെ സെർവറും മറ്റ് നിയന്ത്രണ സംവിധാനങ്ങളും. മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് ഏറെ ആശ്വാസകരമാണ് വെർച്വൽക്യൂ സംവിധാനം. സന്നിധാനത്ത് നല്ല തിരക്കാണെങ്കിലും അധികം ബുദ്ധിമുട്ടില്ലാതെ ദർശനം നടത്താൻ കഴിയുമെന്നതാണ് ഇവർക്ക് ആശ്വാസമാകുന്നത്.