ശബരിമല: ശബരിമലയിലെ തൽസമയ വിവരങ്ങൾ തീർഥാടകർക്ക് ലഭ്യമാക്കുന്നതിനുള്ള കേരളാ പോലീസിന്റെ സേഫ് ശബരിമല മൊബൈൽ ആപ്പ് സജ്ജമായി. ഈ ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്നവർക്ക് ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മൊബൈലിലൂടെ ലഭിക്കുമെന്നതാണ് ആ ആപ്ലിക്കേഷന്റെ പ്രത്യേകത. പമ്പയിലെ ഹിൽട്ടോപ്പ്, ത്രിവേണി, ചക്കുപള്ളം എന്നീ പാർക്കിങ് ഗ്രൗണ്ടുകളിലെ പാർക്കിങ് ലഭ്യത, സന്നിധാനത്തെ തിരക്ക്, ദർശനത്തിന് വേണ്ടിവരുന്ന സമയം തുടങ്ങിയവയുടെ തൽസമയ വിവരങ്ങളും പെട്രോൾ പമ്പുകൾ, ആശുപത്രികൾ, എ.ടി.എം. കൗണ്ടറുകൾ, ആരോഗ്യ സേവന കേന്ദ്രങ്ങൾ, ഇടത്താവളങ്ങൾ, തീർഥാടക പാതകളിലെ പ്രധാന ക്ഷേത്രങ്ങൾ തുടങ്ങിയവയുടെ വിവരങ്ങളും ആപ്ലിക്കേഷനിൽ ലഭ്യമാണ്. സന്നിധാനത്ത് നിന്ന് നഷ്ടപ്പെടുന്ന സാധനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും പമ്പയിലും സന്നിധാനത്തും തീർഥാടകർക്ക് നഷ്ടപ്പെട്ട് പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ വിവരങ്ങളും ലഭ്യമാണ്. സന്നിധാനത്തെ തിരക്കിന് അനുസൃതമായി യാത്രകളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന് ഇതര സംസ്ഥാന തീർഥാടകർക്ക് ഈ സൗകര്യം ഏറെ പ്രയോജന പ്രദമാകും. മുൻ വർഷങ്ങളിൽ സീസണിൽ ഓരോ ദിവസവും അനുഭവപ്പെട്ട തിരക്ക് സംബന്ധിച്ച വിവരങ്ങളും ലഭ്യമാണ്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ safe sabarimala എന്ന് സെർച്ച് ചെയ്ത് ഈ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ വിവരങ്ങൾ ലഭ്യമാവുകയുള്ളു.