ശബരിമല: സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയില്‍ പതിനെട്ടാംപടിയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പ്രത്യേക മര്‍മ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തി. തുടര്‍ച്ചയായി തീര്‍ഥാടകരെ പതിനെട്ടാംപടിയില്‍ നിന്ന് മുകളിലേയ്ക്ക് കയറ്റി വിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തോളിനും കഴുത്തിനും വേദന ഉണ്ടാകാതിരക്കുന്നതിനാണ് മര്‍മ ചികില്‍സ നല്‍കുന്നത്. പതിനെട്ടാം പടിയില്‍ തിരക്കുള്ള സമയത്ത് 20മിനിറ്റാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഒരുസമയം ജോലി ചെയ്യുന്നത്. ഇങ്ങനെ നാലുമണിക്കൂറോളം ഇടവേളകളോടെ ജോലി ചെയ്യുമ്പോള്‍ ചിലര്‍ക്ക് കൈക്കും തോളിനും കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. ഇത്തരക്കാര്‍ക്ക് എല്ലാ ദിവസവും രാത്രി 11 മുതലാണ് സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയിലെ മര്‍മ സ്പെഷ്യലിസ്റ്റായ ഡോ. വിനീതിന്റെ നേതൃത്വത്തില്‍ മര്‍മ ചികില്‍സ നല്‍കുന്നത്.
സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയില്‍ ഇന്നലെ(27വരെ) 9078 പേരാണ് സീസണ്‍ തുടങ്ങിയതിന് ശേഷം ചികില്‍സ നേടിയത്. മലകയറുമ്പോള്‍ ഉണ്ടാകുന്ന വേദനകള്‍ക്കുള്ള ചികില്‍സ, ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ചികില്‍സ, ഉദര രോഗങ്ങള്‍ക്കുള്ള ചികില്‍സ എന്നിവയ്ക്കാണ് തീര്‍ഥാടകരും ഉദ്യോഗസ്ഥരും കൂടുതലായി സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയെ സമീപിക്കുന്നത്. അഞ്ച് ഡോക്ടര്‍മാരും രണ്ട് തെറാപ്പിസ്റ്റുകളും രണ്ട് ഫാര്‍മസിസ്റ്റുകളും നാല് ആറ്റന്‍ഡര്‍മാരും ഉള്‍പ്പടെ 13പേരാണ് ആയുര്‍വേദ ആശുപത്രിയില്‍ 24മണിക്കൂറും സേവന നിരതരായിട്ടുള്ളത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. ഷിജോയ്, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഡോ. ജിനേഷ്, മറ്റ് വിഭാഗങ്ങളില്‍ ഡോ. ദിലീപ്, ഡോ. ഹേമേഷ് എന്നിവരാണ് നിലവില്‍ സേവനമനുഷ്ടിക്കുന്നത്. പമ്പയിലും ആയുര്‍വേദ വകുപ്പിന്റെ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ മൂന്ന് ഡോക്ടര്‍മാരാണ് സേവനമനുഷ്ടിക്കുന്നത്.