ശബരിമല: ശബരിമലയും പരിസരപ്രദേശങ്ങളും ശുചിയായി സൂക്ഷിക്കുന്നതിനുള്ള പുണ്യം പൂങ്കാവനം പദ്ധതിയിൻ കീഴിൽ സന്നിധാനത്തും സപരിസരത്തും ശുചീകരണം നടന്നു. ദേവസ്വം ബോർഡ്, വനംവകുപ്പ്, എൻ.ഡി.ആർ.എഫ്, ദ്രുതകർമസേന, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ വകുപ്പുകളുലെ ജീവനക്കാർ അയ്യപ്പസേവാസംഘം വോളന്റിയർമാർ, വിശുദ്ധി സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഫയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ തിരുമുറ്റം കഴുകി വൃത്തിയാക്കി. 180 ഓളം പേരാണ് ശുചീകരണത്തിൽ പങ്കെടുത്തത്. താഴെ തിരുമുറ്റം, മാളികപ്പുറം, അരവണ കൗണ്ടർ, വലിയ നടപ്പന്തൽ, സ്റ്റേജ്, കൊപ്രാക്കളം, ബെയ്ലിപാലം, വടക്കേ നടപ്പന്തൽ, പാണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങളിലാണ് ശുചീകരണം നടന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴ കാരണം മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ശ്രമകരമായിരുന്നു. ചിലസ്ഥലങ്ങളിൽ ഫയർഫോഴ്സിന്റെ ആഭിമുഖ്യത്തിൽ വെള്ളം പമ്പ് ചെയ്താണ് മാലിന്യങ്ങൾ നീക്കം ചെയ്തത്.
