ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് താഴെയുള്ള വാവരുനട മതസൗഹാർദ്ദത്തിന്റെ പ്രതീകമായി നിലകൊളളുന്നു. മറ്റൊരു ആരാധനാലയത്തിലും കാണാനാകാത്ത കൂട്ടായ്മയാണ് വാവരുനട പ്രദാനം ചെയ്യുന്നത്. പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ വാവരുമായി ഏറ്റുമുട്ടുമെുന്നും അതിലൂടെ ചങ്ങാത്തം സ്ഥാപിക്കുമെന്നും വെളിപാട് കിട്ടിയിരുന്നു. ബലപരീക്ഷണത്തിലൂടെ വാവരെ മനസിലാക്കിയ അയ്യപ്പൻ തന്റെ ദൗത്യനിർവഹണത്തിൽ അദ്ദേഹത്തെയും കൂട്ടി ഒടുവിൽ അയ്യപ്പൻ കുടികൊള്ളുന്ന സിധാനത്തിന് സമീപത്തായി വാവരെയും ഇരുത്തി എന്നതാണ് ഐതീഹ്യം വാവരുനടയിലെ മുഖ്യകാർമികൻ വി.എസ്. അബ്ദുൾ റഷീദ് മുസലിയാർ പറഞ്ഞു.
ജ്യോതിഷിയും ആയുർവേദ വൈദ്യനുമായിരുന്നത്രെ വാവരുസ്വാമി. എരുമേലിയിൽ പേട്ട തുള്ളിയെത്തുന്ന അയ്യപ്പന്മാർ അവിടെ ക്ഷേത്രത്തിലും വാവരുപള്ളിയിലും ദർശനം നടത്തിയ ശേഷമാണ് ശബരിമലയിലേയ്ക്ക് എത്തുക. ജാതിമത വർണവ്യത്യാസമില്ലാതെ ആർക്കും ദർശനം നടത്താവുന്ന ശബരിമല നാനാത്വത്തിൽ ഏകത്വവും വിശ്വമാനവികതയും ഉയർത്തിപ്പിടിക്കുുവെന്നും ജാതിമത സ്പർധയും തീവ്രവാദവും വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ് സന്നിധാനത്തെ വാവരുനടയെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളി വായ്പ്പൂര് വെട്ടപ്ലാക്കൽ കുടുംബത്തിലെ തലമുതിർന്ന അംഗമാണ് വാവരുനടയിൽ മുഖ്യകാർമികനായി എത്തുക. കുടംബങ്ങളിലുള്ളവർ യോഗം കൂടി പ്രായവും പൂർണസമ്മതവും നോക്കിയ ശേഷമാണ് മുഖ്യകാർമികനെ തിരഞ്ഞെടുക്കുക. വാവരുടെ ഊര് എന്നത് ലോപിച്ചാണ് വായ്പ്പൂര് ആയതെന്നും ഐതീഹ്യമുണ്ട്. അയ്യപ്പ ദർശനത്തിനെത്തുന്നവർ വാവരുസ്വാമിയെയും കണ്ട് വണങ്ങി അനുഗ്രഹം വാങ്ങുന്നു. വാവരുടെ ഉടവാൾ വാവരുനടയിൽ സൂക്ഷിച്ചിരിക്കുന്നതിന്റെ ഇടതുഭാഗത്താണ് കാർമ്മികൻ ഇരുന്ന് പ്രസാദം നൽകുന്ന്ത്. ഭസ്മം, ചരട് എന്നിവ ഇവിടെ നിന്നും ഭക്തർക്ക് നൽകുന്നു. കുരുമുളക്, സുഗന്ധദ്രവ്യങ്ങൾ, അരി എന്നിവ കാണിക്കയായി ഭക്തർ നൽകി വരുന്നു. അരി, ചുക്ക്, ജിരകം, ഏലയ്ക്ക എന്നിവ പൊടിച്ചുണ്ടാക്കിയതാണ് വാവരുനടയിലെ പ്രധാന പ്രസാദം. മധുരവും കയ്പ്പും എരിവും ചേർതാണ് ഈ പ്രസാദം. ലോകത്തിനാകെ മാതൃകയാണ് തത്ത്വമസി സന്ദേശമരുളുന്ന ശബരിമലയും അതോട് ചേർന്നുള്ള വാവരുനടയും.