യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരി ഉപയോഗത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് എൻ. സി. സി കൂടുതൽ പദ്ധതികളും പരിശീലന പരിപാടികളും ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന എൻ. സി. സി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ആധുനിക കാലത്തെ വിപത്തുകൾ നേരിടാൻ എൻ. സി. സി പരിശീലനം ഉപകരിക്കും. രാജ്യത്ത് വളർന്നുവരുന്ന വർഗീയതയിലും അസഹിഷ്ണുതയിലും രാജ്യത്തെ ഉത്പതിഷ്ണുക്കൾ ഉത്കണ്ഠപ്പെടുന്നുണ്ട്. ഇത്തരം വിപത്തുകളിൽ യുവാക്കൾ പെട്ടുപോകാതെ സാഹോദര്യവും മാനവീയതയും വളർത്തിയെടുക്കാൻ എൻ. സി. സിയ്ക്ക് സാധിക്കും. മയക്കുമരുന്നിനും ലഹരിക്കുമെതിരെ എൻ. സി. സി നിലവിൽ നടത്തുന്ന സാമൂഹ്യ ഇടപെടലുകൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള എൻ. സി. സിയിൽ വിദ്യാർത്ഥിനികളുടെ 42 ശതമാനം പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതിന് ആനുപാതികമായി വനിത ഓഫീസർമാരുടെ എണ്ണവും വർദ്ധിക്കും. വയനാട് ജില്ലയിലെ മാനന്തവാടിയിൽ 2018 ഏപ്രിലിൽ ആരംഭിക്കുന്ന എൻ. സി. സിയുടെ പുതിയ ബറ്റാലിയന്റെ പ്രവർത്തനം ആദിവാസി മേഖലയിലെ കുട്ടികളെ മുഖ്യധാരയിൽ എത്തിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. കേഡറ്റുകൾ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും നടന്നു. തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് സ്‌ക്വാഡ്രണിലെ കമാൻഡിംഗ് ഓഫീസർ ലെഫ്. കേണൽ ദീനദയാലിന്റെ നേതൃത്വത്തിൽ സീനിയർ എൻ. സി. സി കേഡറ്റുകളുടെ അശ്വാഭ്യാസം നടന്നു. കേരള എയർവിംഗ് എൻ. സി. സിയുടെ വിംഗ് കമാൻഡർ എസ്. കെ. മേനോന്റെ നേതൃത്വത്തിൽ മൈക്രോലൈറ്റ് വിമാനം പുഷ്പവൃഷ്ടി നടത്തി.
അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ അനൂപ് കുമാർ വി. അദ്ധ്യക്ഷത വഹിച്ചു. ബ്രിഗേഡിയർ ബി. ജി. ജഗദീഷ്, ബ്രിഗേഡിയർ വി. പി. ഹെയ്ക്ക്‌വാദ്, കമാൻഡിംഗ് ഓഫീസർമാർ തുടങ്ങിയവർ സംബന്ധിച്ചു.