കോട്ടയം: നവകേരളസദസിൽ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിൽ പുതുതായി അനുവദിച്ച മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്റെ കോട്ടയം താലൂക്ക് തല ഉദ്ഘാടനം സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുൻഗണനാകാർഡിന് അർഹയായ കുമരകം സ്വദേശി രാജമ്മ മോനച്ചൻ മന്ത്രിയിൽനിന്ന് ആദ്യകാർഡ് ഏറ്റുവാങ്ങി. 20 പേർക്കാണ് ചടങ്ങിൽ കാർഡുകൾ വിതരണം ചെയ്തത്. നവകേരളസദസിൽ ലഭിച്ച നിവേദനങ്ങളിൽ ഏറെയും റേഷൻകാർഡ് തരം മാറ്റുന്നതുമായി ബന്ധപ്പെട്ടാണെന്നു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

കോട്ടയം താലൂക്കിലെ ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിൽ നിന്ന് റേഷൻകാർഡുമായി ബന്ധപ്പെട്ട് ആകെ 325 അപേക്ഷകളാണ് ലഭിച്ചത്; ഏറ്റുമാനൂർ 118, കോട്ടയം 106, പുതുപ്പള്ളി 101. ഇതിൽ 109 അപേക്ഷകളാണ് മുൻഗണനാ കാർഡ് ലഭിക്കാൻ അർഹമായത്( ഏറ്റുമാനൂർ 52, കോട്ടയം 30, പുതുപ്പള്ളി 27).
നിലവിൽ പൊതുവിഭാഗം റേഷൻകാർഡുകൾ(വെള്ള, നീല) ഉള്ളവരിൽനിന്ന് അപേക്ഷകൾ സ്വീകരിച്ച് പൊതുവിതരണവകുപ്പ് മുൻഗണനാകാർഡുകൾ നൽകുന്നുണ്ട്. ഇത്തരത്തിൽ 2023 ഒക്‌ടോബർ 10 മുതൽ 30 വരെ ഓൺലൈനായി അപേക്ഷിച്ചവരിൽ അർഹരായ 466 പേർക്കും മുൻഗണനാകാർഡുകൾ അനുവദിച്ചിട്ടുണ്ട്. ഈ കാർഡുകളുടെ വിതരണവും ചടങ്ങിൽ നടന്നു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു മുഖ്യാതിഥിയായി. കോട്ടയം നഗരസഭാംഗങ്ങളായ ഷീജ അനിൽ, ജോസ് പള്ളിക്കുന്നേൽ, എൻ.എൻ. വിനോദ്, ജില്ലാ സപ്‌ളൈ ഓഫീസർ സ്മിതാ ജോർജ്, കോട്ടയം താലൂക്ക് സപ്‌ളൈ ഓഫീസർ ജി. അഭിൽജിത്ത് എന്നിവർ പ്രസംഗിച്ചു.