മഴവെള്ളത്തെ ശാസ്ത്രീയമായി പരമാവധി ഉപയോഗപ്പെടുത്തി നമ്മുടെ ജലത്തിന്റെ ആവശ്യകതകൾ പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുമാരമംഗലം പൈങ്ങോട്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കാളിയാർ പുഴയ്ക്ക് കുറുകെ പയ്യാവ് ഭാഗത്ത് നിർമ്മിക്കുന്ന ചെക്ക് ഡാമിന്റെയും അനുബന്ധ പാലത്തിന്റെയും നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് മതിയാകുന്നത്ര മഴവെള്ളം എല്ലാവർഷവും ലഭിക്കുന്നുണ്ടെങ്കിലും അവ കനാലുകളിലൂടെയും തോടുകളിലൂടെയും ഒക്കെ
ഒഴുകി കായലിലും കടലിലും പതിച്ച് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ശാസ്ത്രീയമായി ജലത്തെ ഉപയോഗിക്കാൻ കഴിയാത്തതാണ് പ്രശ്നം.

കഴിയുന്നത്ര ജലസ്രോതസ്സുകളെ ശാസ്ത്രീയമായും പൂർണ്ണമായും പ്രയോജനപ്പെടുത്തി കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് കനാലുകൾ വഴി നെൽപ്പാടങ്ങൾക്ക് പുറമേ നാണ്യവിളകൾക്കും കൂടി ജലലഭ്യത ഉറപ്പുവരുത്താൻ മൈക്രോ ഇറിഗേഷൻ പദ്ധതി ആരംഭിച്ചത്. ചെക്ക് ഡാമുകളും ഈ അർത്ഥത്തിൽ വളരെയധികം പ്രയോജനം ചെയ്യും. കാളിയാർ പുഴയിലെ ഈ ചെക്ക് ഡാമിന്റെയും അനുബന്ധ പാലത്തിന്റെയും നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ ശുദ്ധജല വിതരണവും യാത്രാ സൗകര്യവും മെച്ചപ്പെടും. കൂടാതെ 260 ഹെക്ടർ കൃഷിഭൂമിക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പിജെ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.

ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തിലെ പയ്യാവ് ഭാഗത്തെയും എറണാകുളം ജില്ലയില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കെപുന്നമറ്റം ഭാഗത്തെയും ബന്ധിപ്പിച്ചുകൊണ്ട് കാളിയാര്‍ പുഴയ്ക്ക് കുറുകെയാണ് ചെക്ക്ഡാമും പാലവും നിര്‍മ്മിക്കുന്നത്. ഇതിനായി നബാര്‍ഡ് മുഖാന്തിരം 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുമാരമംഗലം, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര കാര്‍ഷികാഭിവൃദ്ധി, ശുദ്ധജലസ്രോതസ്സായ കാളിയാര്‍ പുഴയുടെ ജലസംരക്ഷണം, ഭൂജല പരിപോഷണം, പ്രദേശത്തിന്റെ സമഗ്രവികസനത്തിന് ഗതാഗത സൗകര്യം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കാളിയാർ പുഴയിലെ പ്രളയ കാലത്തെ ഉയർന്ന ജലവിതാനവും ഉയർന്ന പ്രളയ നീരൊഴുക്കും പരിഗണിച്ചുകൊണ്ട് നിർദ്ദിഷ്ട ഭാഗത്ത് 67.5 മീറ്റർ നീളത്തിൽ 1.5 ഉയരത്തിലുള്ള കോൺക്രീറ്റ് തടയണയാണ് ഐ.ഡി.ആർ.ബി രൂപ കൽപ്പന ചെയ്തിട്ടുള്ളത്. ഈ തടയണയ്ക്ക് 1.2 മീറ്റർ വീതിയുള്ള 6 എഫ്. ആർ.പി. ഷട്ടർ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെക്ക് ഡാമിൻ്റെ മുകൾ ഭാഗത്തും താഴ് ഭാഗത്തുമായി ഇരുകരകളിലും തീരമിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കരിങ്കൽ സംരക്ഷണഭിത്തി നിർമ്മാണം ഉൾപ്പെടുത്തിയിട്ടുണ്ട്. ചെക്ക് ഡാമിൻ്റെ മുകൾ ഭാഗത്ത് 160 മീറ്റർ നീളത്തിലും താഴ് ഭാഗത്ത് 100 മീറ്റർ നീളത്തിലുമാണ് ഇരുകരകളിലും സംരക്ഷണഭിത്തി നിർമ്മിക്കുന്നത്.

ഉയർന്ന ജലവിതാനവും ഉയർന്ന നീരൊഴുക്കും പരിഗണിച്ചാണ് പാലവും രൂപകൽപ്പന ചെയ്‌തിട്ടുള്ളത്. പാലത്തിന് 6 സ്‌പാനുകളിലായി 67.5 മീറ്റർ നീളവും 4.75 മീറ്റർ വീതിയുമാണ് ഉള്ളത്. പാലത്തിന്റെ അനുബന്ധമായുള്ള അപ്രോച്ച് റോഡുകൾ കോൺക്രീറ്റ് എം50 ഗ്രേഡ് ടൈലുകൊണ്ട് ഇടതുകരയിൽ 171.30 മീറ്റർ നീളത്തിലും വലതു കരയിൽ 240 മീറ്റർ നീളത്തിലും നിർമ്മിക്കുവാനാണ് പദ്ധതി. അപ്രോച്ച് റോഡിൻ്റെ ഉയരം കൂടിയ പാർശ്വഭാഗങ്ങളിൽ ഗാബിയോൺ സംരക്ഷണഭിത്തിയാണ് നിർമ്മിക്കുന്നത്.

കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി തോമസ്, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിജി ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം നീതുമോൾ ഫ്രാൻസിസ്, ജനപ്രതിനിധികളായ ഹരീഷ് രാജപ്പൻ, ശരത് ബാബു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിമ്മി മറ്റത്തിപ്പാറ, കെ എൻ റോയ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. കോട്ടയം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജോയ് ജനാർദ്ദനൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇറിഗേഷൻ സൗത്ത് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ ഡി സുനിൽ രാജ് സ്വാഗതവും അസി. എക്സിക്യൂട്ടീവ് എൻജിനീയർ സുമേഷ് കുമാർ പി നന്ദിയും പറഞ്ഞു.