മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി ആരംഭിച്ച ബഡ്‌സ് സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീ നടപ്പാക്കുന്ന അഗ്രി തെറാപ്പി പദ്ധതി സഞ്ജീവനി ജില്ലയില്‍ ആരംഭിച്ചു. കൃഷിയിലൂടെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുകയും മാനസികവളര്‍ച്ച ഉറപ്പാക്കുകയും വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ മിഷനു കീഴില്‍ ജില്ലയില്‍ മൂന്ന് ബഡ്‌സ് സ്ഥാപനങ്ങളിലായി 70 അംഗങ്ങളാണുള്ളത്. കല്‍പ്പറ്റ, നെന്മേനി, മുള്ളന്‍കൊല്ലി എന്നിവിടങ്ങളിലാണ് ജില്ലയിലെ ബഡ്‌സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള ഭൂമിയിലോ ഗ്രോബാഗിലോ പദ്ധതി മുഖേന കൃഷി ചെയ്യാം. ഒരു സ്ഥാപനത്തിന് സഞ്ജീവനി പ്രവര്‍ത്തനങ്ങള്‍ക്കായി 5000 രൂപ ജില്ലാമിഷന്‍ അനുവദിക്കും. കുടുംബശ്രീയുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജീവ ടീമംഗങ്ങള്‍ സ്ഥാപനങ്ങളിലെ അംഗങ്ങളെ കൃഷിയില്‍ സഹായിക്കുകയും പരിശീലനം നല്‍കുകയും ചെയ്യും.
തക്കാളി, പച്ചമുളക്, കാബേജ്, വെണ്ട, ചീര, പടവലം, പയര്‍ തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍മാര്‍ എല്ലാ മാസവും പദ്ധതിയുടെ പുരോഗതി വിലയിരുത്തും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിലുള്‍പ്പെടുത്തി സഞ്ജീവനി വിപുലപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ട്. കല്‍പ്പറ്റ ബഡ്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത പദ്ധതി വിശദീകരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ രാധാകൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി. മണി, ബിന്ദുജോസ്, അജിത, ഉമൈബ മൊയ്തീന്‍കുട്ടി, ടി.ജെ. ഐസക്ക്, കൗണ്‍സിലര്‍മാരായ ശോശാമ്മ, അജി ബഷീര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സഫിയ, ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി സുവിജ് തുടങ്ങിയവര്‍ സംസാരിച്ചു.
