ബേപ്പൂർ മണ്ഡലത്തിലെ റോഡുകൾ ബിഎം ആന്റ് ബിസി നിലവാരത്തിൽ നവീകരിക്കും: മന്ത്രി
ബേപ്പൂർ മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎം ആന്റ് ബിസി (ബിറ്റുമിനസ് മക്കാഡം & ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ നവീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.
കോർപ്പറേഷൻ 49 ഡിവിഷനിലെ മാറാട് മുത്താച്ചികുളം വയൽ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിൽ വലിയൊരു ശതമാനം പ്രവൃത്തിയും ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു.
സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായാണ് നടക്കുന്നത്. പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാൻ നിരന്തര പരിശോധനകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 27 റോഡുകളുടെ നവീകരണ പ്രവർത്തിക്കായി രണ്ടര വർഷത്തിനകം 380 കോടിയിലധികം രൂപയാണ് ബേപ്പൂർ നിയോജകമണ്ഡലത്തിൽ മാത്രമായി വകയിരുത്തിയതെന്നും മന്ത്രി പറഞ്ഞു.
കൗൺസിലർ കൊല്ലരത്ത് സുരേഷൻ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
ചടങ്ങിൽ കൗൺസിലർമാരായ വാടിയിൽ നവാസ്, കെ രാജീവ്, മുൻ കൗൺസിലർ പേരോത്ത് പ്രകാശൻ, കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഫാസിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.