2019 ജനുവരിയോടെ വയനാടിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ എ.ആര്‍. അജയകൂമാര്‍ പറഞ്ഞു. ആസൂത്രണഭവന്‍ എ.പി.ജെ. ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. പഞ്ചായത്ത് തലത്തില്‍ കാമ്പയിന് തുടക്കമായതായും അദ്ദേഹം അറിയിച്ചു. വാര്‍ഡുതലത്തില്‍ സമിതികള്‍ രൂപികരിച്ച് മാലിന്യങ്ങള്‍ ശേഖരിക്കുകയും ബോധവത്ക്കരണം നടത്തുകയും ചെയ്യും. എല്ലാ പഞ്ചായത്തുകളിലും മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തുതല സമിതികള്‍ക്ക് അധികാരം നല്‍കുന്നതിനടക്കം ആലോചനയുണ്ട്. പ്രളയാനന്തരം മിഷന്‍ വയനാട് കാമ്പയിനിലൂടെ 612 ടണ്‍ ഖരമാലിന്യം നീക്കം ചെയ്യാന്‍ കഴിഞ്ഞതിലൂടെ സംസ്ഥാനത്തിനു തന്നെ മാതൃകയാവാന്‍ ജില്ലയ്ക്കു കഴിഞ്ഞു. ജനകീയരീതിയില്‍ മാലിന്യമുക്ത വയനാട് യാഥാര്‍ത്ഥ്യമാക്കാന്‍ മുഴുവന്‍ ആളുകളുടെയും സഹകരണം വേണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പദ്ധതി നിര്‍വഹണത്തില്‍ ജില്ല 47.82 ശതമാനം ചെലവഴിച്ചതായി ജില്ലാ വികസനസമിതി യോഗം വിലയിരുത്തി. ആകെയുള്ള 253 പദ്ധതികള്‍ക്ക് അനുവദിച്ച 476.82 കോടി രൂപയില്‍ 228.05 കോടി രൂപ ഇതുവരെ വിവിധ വകുപ്പുകള്‍ ചെലവാക്കി. ആകെ 214 സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളും 38 കേന്ദ്രാവീഷ്‌കൃത പദ്ധതികളുമാണ് ജില്ലയില്‍ നടപ്പാക്കുന്നത്. സംസ്ഥാന പദ്ധതികള്‍ 52.71 ശതമാനവും പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പദ്ധതികള്‍ 33.48 ശതമാനവും ഇതര കേന്ദ്രാവീഷ്‌കൃത പദ്ധതികള്‍ 40.9 ശതമാനവും നിര്‍വഹണ പുരോഗതി കൈവരിച്ചു. ഡിസംബറോടെ മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വന്യമൃഗ ശല്യം പരിഹരിക്കാന്‍ വനം വകുപ്പ് നോര്‍ത്ത് – സൗത്ത് ഡിവിഷന്റെയും വൈല്‍ഡ്‌ലൈഫ് വകുപ്പിന്റെ നേതൃത്വത്തില്‍ 574 കോടിയുടെ സമഗ്രപാക്കേജ് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കും. കിഫ്ബിയുടെ പരിഗണന ലഭിക്കാനായി ജില്ലാ വികസന സമിതിയുടെ ശുപാര്‍ശ ഫോറസ്റ്റ് സെക്രട്ടറിക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു.
പഞ്ചായത്തുതലത്തില്‍ രൂപികരിക്കുന്ന ദുരന്തനിവാരണ സമിതികള്‍ അതാത് ഗ്രാപഞ്ചായത്തുകളിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളടക്കം നിരീക്ഷിക്കും. റോഡിലെ കുഴികള്‍ രണ്ടാഴ്ച കൊണ്ട് അടയ്ക്കാന്‍ പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളില്‍ നിന്നും പരാതിയുയരുന്ന സാഹചര്യത്തില്‍ 15 ദിവസത്തിനു ശേഷം റോഡ്‌സ് വിഭാഗത്തിന്റെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും. ട്രൈബല്‍ ഹോസ്റ്റലുകളുടെ നിലവിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആദിവാസി മേഖലയിലെ കുട്ടികളില്‍ അനീമിയ, പോഷകാഹാര കുറവ് എന്നിവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പരിഹാര നടപടികള്‍ സ്വീകരിക്കും. കരിങ്കുറ്റി പ്രീ മെട്രിക് ഹോസ്റ്റലില്‍ ഒരുമാസത്തിനുള്ളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കും. സര്‍ക്കാര്‍ ഓഫീസുകളില്‍ അവശേഷിക്കുന്ന ഇലക്ട്രോണിക് മാലിന്യങ്ങള്‍ നവംബര്‍ പതിനഞ്ചിനുള്ളില്‍ ശേഖരിക്കും. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞാറാഴ്ചകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയോഗിക്കാന്‍ ആഗോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് വിവിധ വകുപ്പുകളുടെ നിര്‍വഹണ പുരോഗതിയും ത്വരിതപ്പെടുത്തേണ്ട നടപടികളും വിശകലനം ചെയ്തു.
യോഗത്തില്‍ എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍, എ.ഡി.എം. കെ. അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ പ്ലാനീംഗ് ഓഫീസര്‍ കെ.എം. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
