ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള ജലവിതരണം ആലപ്പുഴ നഗരത്തില്‍ ഉള്‍പ്പെടെ മുടങ്ങാതിരിക്കാനുള്ള ശക്തമായ നടപടികള്‍ യൂഡിസ്മാററ് സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് ആണ് പ്രശ്നം വികസന സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് . തിരുമല, പള്ളാത്തുരുത്തി, നെഹ്റുട്രോഫി ഭാഗങ്ങളില്‍ വെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ട് . നഗരത്തിന്റ പല ഭാഗങ്ങളിലും ആറും ഏഴും ദിവസം തുടര്‍ച്ചയായി ശുദ്ധജലം ലഭിക്കാതെ ജനം വലയുന്നു. കുടിവെള്ള വിതരണം മുടങ്ങുമ്പോള്‍ ജനം പ്രക്ഷോഭവുമായി നഗരസഭയില്‍ എത്തുന്നത് പതിവാണ്. റോ വാട്ടര്‍ പമ്പ് തകരാറിലായതാണ് ശുദ്ധജല വിതരണം മുടങ്ങാന്‍ കാരണമെന്നും ശനിയാഴ്ച തന്നെ ജലവിതരണം പുനസ്ഥാപിക്കാനുള്ള നടപടികള്‍ എടുത്തിട്ടുന്നെും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വാട്ടര്‍ അതോറിറ്റി അറിയിച്ചു. ജില്ലയുടെ പല ഭാഗത്തും കുടിവെള്ളപ്രശ്നം ഇനി വര്‍ധിക്കുമെന്നും അതിനനുസരിച്ച് കുടിവെള്ളം എത്തിക്കാനുള്ള നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യണമെന്നും യോഗം ചൂണ്ടിക്കാട്ടി.

പ്രളയ സമയത്ത് ദുരിതാശ്വാസക്യാമ്പുകളായി പ്രവര്‍ത്തിച്ച സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കക്കൂസുകള്‍ പലയിടങ്ങളിലും താറുമാറായിട്ടുന്നെും അത് വൃത്തിയാക്കാനും അറ്റകുറ്റപ്പണി തീര്‍ക്കുവാനുള്ള നടപടികള്‍ ദുരന്തനിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍വഹിക്കണമെന്നും യോഗത്തില്‍ പ്രതിപക്ഷനേതാവിന്റെ പ്രതിനിധി ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍തോമസ് പറഞ്ഞു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് കഴിഞ്ഞ വികസനസമിതി യോഗത്തില്‍ ജില്ലാകളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. മണ്ണുപരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്ട്രക്ചറല്‍ ഡിസൈന്‍ ലഭ്യമാക്കുന്നതിനായി പൊതുമരാമത്ത് ഡിസൈന്‍ വിഭാഗത്തിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. ഇപ്പോള്‍തന്നെ പദ്ധതി ഏറെ വൈകിയെന്നും വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും യോഗം നിര്‍ദ്ദേശിച്ചു. വെള്ളപ്പൊക്കം മൂലം കര്‍ഷകര്‍ക്ക് നഷ്ടപ്പെടുകയോ പ്രവര്‍ത്തനക്ഷമമല്ലാതാവുകയോ ചെയ്ത 204 മോട്ടോറുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് 31ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും ബാക്കിയുള്ള 600 മോട്ടോറുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് 80 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പറഞ്ഞു. നഗരസഭയില്‍ ഉള്ള എത്ര മോട്ടോറുകള്‍ക്ക് ഇത്തരത്തില്‍ സഹായം അനുവദിച്ചിട്ടുണ്ട് എന്നകാര്യം ചെയര്‍മാനെ അറിയിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.പരുമല തിരുന്നാള്‍ കഴിഞ്ഞാലുടന്‍ കടപ്ര വാട്ടര്‍ പമ്പ് ഹൗസിലേക്ക് ഡെഡിക്കേറ്റഡ് ലൈന്‍ സ്ഥാപിക്കുന്നതിന് പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി യോഗത്തില്‍ അറിയിച്ചു.

നഗരസഭയിലെ 17 കുഴല്‍ക്കിണറുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും 7 കുഴല്‍ക്കിണറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വാട്ടര്‍ അതോറിറ്റി യോഗത്തില്‍ പറഞ്ഞു. കുട്ടനാട്ടിലേക്ക് കായംകുളം കായല്‍ വഴി ഓരുവെള്ളം കയറുന്നത് തടയുന്നതിന് ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നതിന് എംപി ലാഡ്സില്‍ അനുവദിച്ച പദ്ധതിയുടെ വേഗം കുറവാണ് എന്ന ആക്ഷേപത്തിന് താല്‍ക്കാലിക ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാര്‍ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമാണെങ്കില്‍ സംയുക്ത ഇന്‍സ്പെക്ഷന്‍ നടത്താവുന്നതാണെന്നും യോഗം വിലയിരുത്തി. ചേന്നവലി മുതല്‍ പള്ളിത്തോട് വരെയുള്ള കടല്‍ഭിത്തിയുടെ പുനര്‍നിര്‍മാണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെന്നും ചേന്നവേലി, തൈക്കല്‍ പ്രദേശങ്ങളില്‍ പുലിമുട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും അര്‍ത്തുങ്കല്‍ പ്രദേശത്തെ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ പ്രതിനിധിയുടെ ചോദ്യത്തിന് ജലസേചനം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മറുപടി നല്‍കി. പി എം ജി എസ് വൈ യില്‍ ഉള്‍പ്പെടുത്തിയ ഹരിപ്പാട് പള്ളിപ്പാട് റോഡ് പണി ഇതുവരെയും നിര്‍മ്മാണം ആരംഭിക്കാത്ത സാഹചര്യത്തില്‍ കരാറുകാരനെ നോട്ടീസ് നല്‍കി ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വികസനസമിതി യോഗം ശുപാര്‍ശ ചെയ്തു.

ചേര്‍ത്തല മനോരമക്കവലയുടെ വികസനത്തിന്റെ നിലവിലെ സ്ഥിതി യോഗം ചര്‍ച്ച ചെയ്തു. 25 കടക്കാര്‍ക്ക് പണം നല്‍കിയിട്ടുള്ളതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റോഡ് അറിയിച്ചു. തുടര്‍നടപടിക്ക് നാലുപേരുടെ തിരുത്താധാരം ആവശ്യമാണ്. അതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ വികസനസമിതി യോഗം നിര്‍ദ്ദേശം നല്‍കി. പാതിരാമണല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ടിക്കറ്റ് കൗണ്ടറുകള്‍ ടോയ്ലറ്റ് കോംപ്ലക്സ് എന്നിവ നിര്‍മ്മിച്ചിട്ടുള്ളതാണെന്നും സോളാര്‍ പാനല്‍, കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ പണി ഏറ്റെടുത്തിട്ടുള്ളതുമാണെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത് അറിയിച്ചു. പോര്‍ട്ട് അധികാരികള്‍ നല്‍കുന്ന അംഗീകാരത്തോടെ ആലപ്പുഴ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന കടക്കാര്‍ മാലിന്യങ്ങള്‍ ശരിയായരീതിയില്‍ സംസ്‌കരിക്കുന്നതിന് വിമുഖത കാട്ടുന്നതായി യോഗത്തില്‍ ചൂണ്ടിക്കാട്ടി . ഇവിടെ ഭക്ഷണശാലകളില്‍ പലതിനും നഗരസഭയുടെയോ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയോ അംഗീകാരം ഇല്ല. ബാക്കി വരുന്ന ഭക്ഷ്യസാധനങ്ങളും പ്ലേറ്റുകളും നഗരസഭയുടെ സംസ്‌കരണ ശാലയില്‍ എത്തിക്കാനുള്ള നടപടിയെങ്കിലും സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
മുട്ടാറില്‍ നിന്നും പടിഞ്ഞാറോട്ടുള്ള തോട് കരുമാടി തോടുമായി ബന്ധിപ്പിച്ച് തോട്ടപ്പള്ളി സ്പില്‍വേയിലേക്കുള്ള ജലപ്രവാഹം കൂട്ടണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എന്‍.ചന്ദ്രപ്രകാശ് ചൂണ്ടിക്കാട്ടി. വിശദമായ പഠനത്തിന് ശേഷം നടപടികള്‍ സ്വീകരിച്ചുവരുന്നതായി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഡെപ്യൂട്ടി കളക്ടര്‍ മുരളീധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ്.ലതി, കുട്ടനാട് എം.എല്‍.എയുടെ പ്രതിനിധി എന്നിവര്‍ സംസാരിച്ചു.