മലപ്പുറം ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന ‘സ്പർശ്’ ക്യാമ്പയിന് തുടക്കമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രാദേശിക കേന്ദ്രം തിരൂരിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി നിർവഹിച്ചു.
തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻറ് കൊട്ടാരത്തിൽ സുഹറാബി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ.എം നൂന മർജ്ജ ലെപ്രസി ദിനചാരണ സന്ദേശം നൽകി. കുഷ്ഠരോഗ വിരുദ്ധ ദിനാചാരണ പ്രതിജ്ഞ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പ്രാദേശിക കേന്ദ്രം ഡയറക്ടർ എം. മൂസ ചൊല്ലിക്കൊടുത്തു.
‘സാമൂഹിക അവജ്ഞ അവസാനിപ്പിക്കാം മാന്യത കൈവരിക്കാം’ എന്നതാണ് ഈ കുഷ്ഠരോഗ വിരുദ്ധ ദിനത്തിന്റെ സന്ദേശം. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസ് തയ്യാറാക്കിയ കുഷ്ഠരോഗ ബോധവത്കരണ സഹായി ബുക്ക്ലെറ്റ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക യൂണിവേഴ്‌സിറ്റി സെൻറർ ഡയറക്ടർ എം മൂസക്ക് നൽകി പ്രകാശനം ചെയ്തു.