കേരള മീഡിയ അക്കാദമിയുടെ 2022-ലെ മാധ്യമ അവാർഡ് സമർപ്പണവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ വിദ്യാർത്ഥികളുടെ ബിരുദദാന സമ്മേളനവും 2024 ഫെബ്രുവരി മൂന്നിന് ശനിയാഴ്ച രാവിലെ 11 ന് കാക്കനാട് അക്കാദമി അങ്കണത്തിൽ നടക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ ബിരുദദാനവും മാധ്യമ അവാർഡ് സമർപ്പണവും നിർവ്വഹിക്കും. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷനായിരിക്കും. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറും അക്കാദമി മുൻ ചെയർമാനുമായ തോമസ് ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തും. പ്രശസ്ത മാധ്യമ നിരീക്ഷകൻ ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യ പ്രഭാഷണം നടത്തും.
ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക്ക് റിലേഷൻസ് & അഡ്വർടൈസിംഗ്, വീഡിയോ എഡിറ്റിംഗ്, ഫോട്ടോജേണലിസം കോഴ്‌സുകളിലെ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്യും. ഇതോടൊപ്പം 2022-ലെ വിവിധ മാധ്യമ പുരസ്‌കാരങ്ങളും സമ്മാനിക്കും.
മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ, അസി. സെക്രട്ടറി പി.കെ. വേലായുധൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ എന്നിവർ സംസാരിക്കും.
മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് -കെ. ജയപ്രകാശ് ബാബു, മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് – കെ. സുൽഹഫ്, മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ. എൻ. സത്യവ്രതൻ അവാർഡ് – റിച്ചാർഡ് ജോസഫ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ് – തെന്നൂർ ബി. അശോക്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫിക്കുള്ള മീഡിയ അക്കാദമി ഫോട്ടോഗ്രാഫി അവാർഡ് – ഫഹദ് മുനീർ, മികച്ച ദൃശ്യ മാധ്യമ പ്രവർത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാർഡ് – വിനിത വി.പി. എന്നിവർക്കാണ് സമ്മാനിക്കുക. 25,000/- രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരമായി സമ്മാനിക്കുക.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ വിദ്യാർത്ഥികൾക്കുള്ള കേരള മീഡിയ അക്കാദമി ക്യാഷ് അവാർഡ്, എം.എൻ.ശിവരാമൻ നായർ മെമ്മോറിയൽ ക്യാഷ് അവാർഡ്, പി.എസ്. ജോൺ മെമ്മോറിയൽ ക്യാഷ് അവാർഡ്, സി.പി.മേനോൻ മെമ്മോറിയൽ ക്യാഷ് അവാർഡ്, ടി.കെ.ജി നായർ മെമ്മോറിയൽ ക്യാഷ് അവാർഡ്, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് മെമ്മോറിയൽ ക്യാഷ് അവാർഡ് എന്നിവയും ചടങ്ങിൽ സമ്മാനിക്കും.