സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ വനിതാ ഘടക പദ്ധതികളുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് നടന്ന ജില്ലാതല ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ഘടക പദ്ധതികള്‍ വനിതാ വികസന കോര്‍പ്പറേഷനിലൂടെ ഫലപ്രദമായി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ജില്ലയില്‍ ശില്‍പശാല സംഘടിപ്പിച്ചത്.

ശില്‍പശാലയില്‍ വനിതാ വികസന കോര്‍പറേഷന്‍ പ്രോഗ്രാം മാനേജര്‍ ആര്‍ലി മാത്യു, കിലാ ഫാക്കല്‍റ്റി ഡോ. രാമന്തളി രവി, ഡോ. ഓമന എന്നിവര്‍ വിവിധ വിഷങ്ങളില്‍ ക്ലാസ് എടുത്തു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ശില്‍പശാലയില്‍ വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി റോസക്കുട്ടി ടീച്ചര്‍ അധ്യക്ഷയായി. ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, വനിതാ വികസന കോര്‍പറേഷന്‍ മേഖലാ മാനേജര്‍ ഫൈസല്‍ മുനീര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍ അഖില, സി.ഡി.എസ് അംഗങ്ങള്‍, വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.