ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം, തെരുവ്ബാല്യ വിമുക്ത കേരളത്തിനായി രൂപീകരിച്ച ശരണ്യബാല്യം പദ്ധതി ജില്ലയില്‍ കൂടുതല്‍ വിപുലീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. കലക്ടറുടെ ചേമ്പറില്‍ ശരണ്യബാല്യം പദ്ധതിയുടെ ജില്ലാതല ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലങ്ങളില്‍ ടാസ്‌ക് ഫോഴ്‌സുകള്‍ രൂപീകരിക്കും. സ്‌കൂളുകളില്‍ സ്ഥിരമായി ഹാജരാകാത്ത കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് ടാസ്‌ക് ഫോഴ്‌സിന് കൈമാറുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പിനെയും ഫോഴ്‌സില്‍ ഉള്‍പ്പെടുത്തും. 2023 ഒക്ടോബറില്‍ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയോടൊപ്പം കണ്ടെത്തിയ കുട്ടിയുടെ ഡി എന്‍ എ പരിശോധന ഫലം പ്രകാരം കുട്ടിയുടെ അമ്മ തന്നെയാണ് അവര്‍ എന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കുട്ടിയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് അമ്മയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്നതിനായി ഡി എം ഒയുടെ നേതൃത്വത്തില്‍ അടിയന്തര മെഡിക്കല്‍ ബോര്‍ഡ് ചേരാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ മൂന്നുമാസ കാലയളവില്‍ 15 സെര്‍ച്ച് ഡ്രൈവുകള്‍, ബോധവല്‍ക്കരണവും ടാസ്‌ക് ഫോഴ്‌സിനെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരികയാണ്. ഡി എല്‍ എസ് എ സെക്രട്ടറി പി മഞ്ജു, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ജെംലാറാണി, ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ രശ്മി, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.