ഫ്രാൻസിലെ ലൊറൈൻ സർവകലാശാല, ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷക സംഘം ട്രിവാൻഡ്രം എൻജിനീയിറിംഗ് സയൻസ് ആൻഡ് ടെക്നോളജി (TrEST) പാർക്ക് സന്ദർശിക്കും. സർവകലാശാലകൾ തമ്മിൽ അക്കാദമിക, വ്യവസായിക ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
ഡോ. ഡിഡിയർ റോക്സൽ, സാൻഡ്രിൻ, ഡോ. ഒലുവാടോബി ഒലുവാഫെമി എന്നിവർ സന്ദർശക സംഘത്തിലുണ്ട്. കേരളത്തിലെ ആദ്യ ശാസ്ത്ര സാങ്കേതിക ഗവേഷക പാർക്കായ ട്രെസ്റ്റ് (TrEST) അക്കാദമിക വ്യാവസായിക പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ച സംരംഭമാണ്. വിളപ്പിൽശാലയിൽ സംസ്ഥാന സർക്കാർ അനുവദിച്ച 50 ഏക്കറിലാണ് പാർക്ക് പ്രവർത്തിക്കുന്നത്. ഫെബ്രുവരി 2ന് ട്രെസ്റ്റ് പാർക്കിലെത്തുന്ന സംഘത്തെ ചെയർമാൻ ഡോ. സാബു തോമസിന്റെ നേതൃത്വത്തിൽ സ്വീകരിക്കും.