ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകി 2024 – 25 വാർഷിക ബജറ്റ് വൈസ് പ്രസിഡൻറ് സരള കൊള്ളിക്കാവിൽ അവതരിപ്പിച്ചു. ഉൽപാദന- സേവന- പശ്ചാത്തല മേഖലയിലെ ക്രമാനുഗതമായ പുരോഗതി ലക്ഷ്യമിട്ടാണ് ബജറ്റിലെ ഓരോ സംഖ്യയും നീക്കിവെച്ചിട്ടുള്ളത്.

പഞ്ചായത്തിലെ പാവപ്പെട്ടവരെയും അതിദരിദ്രരുമായവരെയും കൈപിടിച്ചുയർത്തുകയെന്ന ലക്ഷ്യമിട്ട് ഭവന നിർമ്മാണത്തിനും പരിഷ്കരണത്തിനും ലൈഫ് ഭവന പദ്ധതിക്കുമായി നാല് കോടി 55 ലക്ഷം രൂപയും പുതിയ റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിനും നവീകരണത്തിനുമായി മൂന്ന് കോടി 31 ലക്ഷം രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

കാർഷിക മേഖലക്ക് ഏറെ പ്രാധാന്യമുള്ള പഞ്ചായത്ത് എന്ന നിലക്ക് കൃഷിക്ക് 38 ലക്ഷം രൂപയും മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 44 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

സാമൂഹ്യ സുരക്ഷിതത്വ പെൻഷന് ഏഴരക്കോടി രൂപയും തൊഴിലുറപ്പ് തൊഴിലാളികൾക്കും മറ്റു പ്രവർത്തനങ്ങൾക്കുമായി നാല് കോടി 55 ലക്ഷം രൂപയും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിൻ്റെ നൂതന ആശയമായ ശിശു സൗഹൃദ ഗ്രാമം പദ്ധതിക്കായി 52 ലക്ഷം രൂപയും ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരുടെ ഉന്നമനത്തിന് 27 ലക്ഷവും പട്ടികജാതി വികസനത്തിന് 18 ലക്ഷം രൂപയുമാണ് ബജറ്റിൽ കണക്കാക്കിയത്.

പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിനും ശുചിത്വ പ്രവർത്തനങ്ങൾക്കും കുടിവെള്ളത്തിനുമായി 25 ലക്ഷം രൂപയും ആരോഗ്യ മേഖലയുടെ സർവ്വ വികസനത്തിന് 24 ലക്ഷം രൂപയും ഊർജ്ജ മേഖലക്ക് 7 ലക്ഷവും വിദ്യാഭ്യാസ- കലാ- സാംസ്കാരിക പ്രവർത്തനങ്ങൾക്കായി 6.25 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

പഞ്ചായത്തിൻ്റെ തനത് ഫണ്ട് വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ സംരംഭങ്ങൾ തുടങ്ങുന്നതിന് ബജറ്റ് ഊന്നൽ നൽകുന്നുണ്ട്. തറോപ്പൊയിൽ ഭാഗത്തെ തുരുത്തുകൾ കേന്ദ്രീകരിച്ചും കല്ലേരിയിലെ മാഹി കനാലും അനുബന്ധ പ്രദേശവും ഉപയോഗപ്പെടുത്തി ടൂറിസം സാധ്യതകൾ പഠിക്കുന്നതിന് ബജറ്റിൽ നിർദ്ദേശമുണ്ട്. കൂടാതെ കായിക കുതിപ്പിന് പൊതു കളിസ്ഥലം നിർമ്മിക്കുന്നതിനും ശുപാർശ ചെയ്യുന്നു. 32 കോടി രൂപ വരവും 29.80 കോടി ചെലവും 2.20 കോടി മിച്ചവുമുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ കാട്ടിൽ മൊയ്തു മാസ്റ്റർ, ടി. സജിത്ത്, പി. രവീന്ദ്രൻ, എ. സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ബജറ്റ് മീറ്റിങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി കെ. ശീതള, മറ്റ് ഉദ്യോഗസ്ഥർ സംബന്ധിച്ചു