പേട്ട – ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡ് നിർമ്മാണ ഉദ്ഘാടനം 15ന്

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ കരിക്കകം ലിഫ്റ്റ് ബ്രിഡ്ജ് ഉദ്ഘാടനവും പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡ് നിർമ്മാണ ഉദ്ഘാടനവും സംബന്ധിച്ച ആലോചനാ യോഗം ചേർന്നു. ദേശീയ ജലപാത പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെയും 2.80 കോടി ചെലവഴിച്ച് നിർമിച്ച കേരളത്തിലെ ഏറ്റവും വലിയ ലിഫ്റ്റ് ബ്രിഡ്ജിന്റെ ഉദ്ഘാടനം ഫെബ്രുവരി 20 ന് വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കരിക്കകം ക്ഷേത്ര മൈതാനത്ത് നിർവഹിക്കും.

45 കോടി രൂപ വിനിയോഗിച്ച് നിർമാണം പ്രവർത്തനം നടത്തുന്ന പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡിന്റെ ശിലാസ്ഥാപന കർമ്മം പൊതുമരാമത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഫെബ്രുവരി 15 ന് നിർവഹിക്കുമെന്ന് യോഗത്തിൽ തീരുമാനം അറിയിച്ചു. ആലോചനാ യോഗത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ആനയറ ഭജനമഠം ഹാളിൽ ചേർന്ന യോഗത്തിൽ കടകംപള്ളി വാർഡ് കൗൺസിലർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. കരിക്കകം വാർഡ് കൗൺസിലർ ഡി.ജി കുമാരൻ, അണമുഖം വാർഡ് കൗൺസിലർ അജിത് കുമാർ, കാട്ടായിക്കോണം വാർഡ് കൗൺസിലർ രമേശൻ, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.