സംസ്ഥാനത്ത് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . പരശുവയ്ക്കല്‍-ആലംപാറ- മലഞ്ചുറ്റ് – കുണ്ടുവിള-ചിറക്കോണം-പവതിയാംവിള റിങ് റോഡിന്റെ ഉദ്ഘാടനവും അമരവിള -കാരക്കോണം റോഡിന്റെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ അഭിമാന പദ്ധതികളായ മലയോര ഹൈവേയും തീരദേശ ഹൈവേയും ഉടൻ പൂർത്തിയാകും. അസാധ്യമെന്ന് കരുതി മുൻ സർക്കാരുകൾ ഉപേക്ഷിച്ച ദേശീയപാത വികസനവും അടുത്ത വർഷം യാഥാർത്ഥ്യമാകും . 5600 കോടി രൂപയാണ് ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ വിനിയോഗിച്ചത്. പാറശ്ശാല മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പുകൾ സവിശേഷ ശ്രദ്ധ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാറശാല ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് എട്ട് കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തിലാണ് 7.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റിംഗ് റോഡ് നവീകരിച്ചത്. പാറശാല ഗ്രാമപഞ്ചായത്തിലെ പവതിയാന്‍വിളയില്‍ നിന്നും ആലംപാറ വഴി തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.

കരമന കളിയിക്കാവിള ദേശീയപാതയിലെ പരശുവയ്ക്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തമിഴ്‌നാട് അതിർത്തി പ്രദേശമായ മണിവിള ആലമ്പാറ എന്നീ സ്ഥലങ്ങളിലൂടെ പവതിയാൻ വിളയിൽ അവസാനിക്കുന്ന പൊതുമരാമത്ത് വകുപ്പ് റോഡിൻ്റെ വീതി 5.5 മീറ്റർ ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ റോഡ് ഉയർത്തി ആവശ്യമായ സ്ഥലങ്ങളിൽ ഓട, കലുങ്ക്, സംരക്ഷണ ഭിത്തി എന്നിവ നിർമ്മിച്ച് ഉപരിതലം ആധുനിക രീതിയിൽ ബി. എം & ബി.സി പ്രവൃത്തി ചെയ്‌തു നവീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ പാറശ്ശാല ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള മലഞ്ചുറ്റു റോഡ് 1.8 കിലോമീറ്റർ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചു.

കിഫ്‌ബി ധനസഹായത്തോടെ അമരവിള കാരക്കോണം റോഡിന്റെ ഏഴ് കിലോമീറ്റർ ദൂരവും നവീകരിക്കും. നിർദ്ദിഷ്‌ട കരമന കളിയിക്കാവിള റോഡിൽ അമരവിള താന്നിമുട്ടിൽ നിന്നും ആരംഭിച്ച് നിർദ്ദിഷ്ട‌ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന കാരക്കോണം വരെയുള്ള റോഡിൻ്റെ വികസനമാണ് നടപ്പിലാക്കുന്നത്. 38.45 കോടി രൂപയാണ് ഇതിന് ചെലവാകുന്നത്. 12മീറ്റർ വീതിയിൽ റോഡ്, അടിപ്പാതകൾ, ബസ് ബേകൾ, ബസ്‌ വെയിറ്റിംഗ് ഷെഡുകൾ ഉൾപ്പെടെയാണ് നിർമാണം . ചിറക്കോണം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു. പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്‌ജുസ്മിത, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻ ഡാർവിൻ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി താണുപിള്ള, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ , ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.