തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ടി.എന്‍ പ്രതാപന്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പ്രവൃത്തികളുടെ പുരോഗതി ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തില്‍ വിലയിരുത്തി. 2019 – 20 മുതൽ 2023 – 2024 കാലയളവിലെ പൂർത്തിയാക്കാനുള്ളതും നടന്നുകൊണ്ടിരിക്കുന്നതും പൂർത്തിയായതുമായ വിവിധ പദ്ധതികളാണ് യോഗത്തിൽ അവലോകനം ചെയ്തത്.

2023 – 24 വര്‍ഷത്തെ എംപി ഫണ്ടില്‍ നിന്നും 100 ല്‍പ്പരം മിനി മാസ്റ്റ് – ഹൈമാസ്റ്റ് ലൈറ്റുകള്‍ക്കായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും വിവിധ ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി പരിധിയിലുമാണ് മിനി മാസ്റ്റ്, ഹൈമാസ് ലൈറ്റുകൾക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. സമയ ബന്ധിതമായി പദ്ധതികൾ നടപ്പാക്കണമെന്നും അതിന് വേണ്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കമെന്നും പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർക്ക് കളക്ടർ നിര്‍ദ്ദേശം നല്‍കി.

മോഡല്‍ അങ്കണവാടികള്‍ ഉള്‍പ്പെടെ വിവിധ അങ്കണവാടികളുടെ ഉദ്ഘാടനവും നിര്‍മ്മാണോദ്ഘാടനവും നടത്താൻ യോഗത്തിൽ തീരുമാനിച്ചു. കാലതാമസം നേരിടുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കണമെന്നും കളക്ടർ നിര്‍ദ്ദേശം നല്‍കി.

ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തില്‍ വകുപ്പ്തല ഉദ്യോഗസ്ഥർ, കോര്‍പ്പറേഷന്‍ ബ്ലോക്ക്- പഞ്ചായത്ത്തല സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.