നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. മലപ്പുറം സൂര്യ റീജൻസിയിൽ നടന്ന ശിൽപശാല നോര്‍ക്കാ റൂട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ സംരംഭകത്വ സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് വിവിധ പദ്ധതികളിലൂടെ സർക്കാറും നോർക്കാ റൂട്സും ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന ചടങിൽ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസി പുരധിവസ പദ്ധതിയിലൂടെ 1200 പ്രവാസി സംരഭങ്ങൾ കേരളത്തിൽ ആരംഭിക്കാൻ കഴിഞ്ഞു. നിതാഖാത് പ്രഖ്യാപനത്തെ തുടർന്നുള്ള സാഹചര്യങ്ങൾ വിലയിരുത്തി തുടക്കം കുറിച്ച പദ്ധതിയിൽ നാളിതുവരെ 7000 ത്തോളം സംരംഭങ്ങളാണ് കേരളത്തിൽ യാഥാർത്ഥ്യമായത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 400 കോടി മൂലധന നിക്ഷേപവും 106 കോടി രൂപ പ്രവാസി സംരംഭകർക്ക് സബ്സിഡി ഇനത്തിലും നൽകിയതാവും അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ നോര്‍ക്കാ റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, നോർക്ക റൂട്ട്‌സ് സെൻ്റർ മാനേജർ സി രവീന്ദ്രൻ, എന്‍.ബി.എഫ്.സി മാനേജര്‍ കെ.വി സുരേഷ്, എന്‍.ബി.എഫ്.സി സീനിയര്‍ പ്രോഗ്രാം കോഡിനേറ്റര്‍ ബി. ഷറഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.