ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും ആഭിമുഖ്യത്തില്‍ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി സമ്പൂര്‍ണ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരി മംഗലം ഗായത്രി പുഴയോരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. 2018 ല്‍ ആരംഭിച്ച ഭാരതപ്പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുവരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ എല്ലാ പദ്ധതികളും ഭാരതപ്പുഴയുമായി ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഭാവി തലമുറയ്ക്ക് വേണ്ടിയെന്ന് ജില്ലാ പഞ്ചായത്ത് തിരിച്ചറിയുന്നുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തില്‍ സുസ്ഥിരമായ രീതി ഉണ്ടാക്കിയെടുക്കാനാകണം. ഇതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രാദേശികമായി ജനങ്ങളെ കൂട്ടിയിണക്കി സമൂഹത്തിന് ചെയ്യുന്ന ഉത്തരവാദിത്തമായി ഏറ്റവും സജീവമായ പ്രവര്‍ത്തനങ്ങള്‍ നടക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മംഗലം പുഴയോരത്തെ സുരക്ഷിക്കുന്നതിന് നേരിട്ടുള്ള ഇടപെടല്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. വടക്കഞ്ചേരി പുതുക്കുളം ആകര്‍ഷകമാക്കുന്നതിന് പദ്ധതി നടപ്പാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. ഉദ്ഘാടനശേഷം ഗായത്രി പുഴയോരത്ത് വൃക്ഷതൈകള്‍ നട്ട് പിടിപ്പിച്ചു. ഉദ്ഘാടനത്തിനുശേഷം ഗായത്രിപ്പുഴയോരം ശുചീകരിക്കല്‍ പ്രവൃത്തിയും നടത്തി.

എന്താണ് ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി

ഭാരതപ്പുഴയെ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുകയും ജല ജലദൗര്‍ലഭ്യം പരിഹരിക്കുകയുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. ഫെബ്രുവരി എട്ട് മുതല്‍ 16 വരെയാണ് സമ്പൂര്‍ണ ശുചീകരണ യജ്ഞം ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനും ജലാശയങ്ങളെയും പുഴയോരങ്ങളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും സഹായകരമായ ഒരു ജനകീയ പുഴയോര ശുചീകരണ പരിപാടിക്കാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ബഹുജനങ്ങളുടെയും പിന്തുണയോടുകൂടിയാണ് ഈ ജനകീയ പരിപാടി നടപ്പാക്കുന്നത്.