നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഭൗതിക സൗകര്യ വികസനത്തിന്റെ ഭാഗമായി നിർമിച്ച പുതിയ സ്റ്റേജിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും എൻഡോവ്മെന്റ് വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേജ് നിർമിച്ചത്. രണ്ടാംഘട്ടം എന്ന നിലയിൽ ഓഡിറ്റോറിയത്തിന് മുൻപിൽ റൂഫ് വിരിച്ച് കാണികൾക്ക് ഇരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
അടുത്ത അക്കാദമിക വർഷാരംഭത്തിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് ഒരു ബസ് നൽകും. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ഒരുപടി മുൻപിലാണ് സർക്കാർ വിദ്യാലയങ്ങൾ. പരീക്ഷകളിലും കലാകായിക മേഖലകളിലും മികച്ച വിജയം കാഴ്ചവെയ്ക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്, ഹെഡ്മിസ്ട്രസ് ഒ ആർ ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗം മാത്യു പാറേക്കാടൻ, സ്കൂൾ പ്രിൻസിപ്പാൾ പ്രീതി എം കെ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബസന്ത് പി എസ്, സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർമാർ, പിടിഎ പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.