വയനാടിന്റെ വിനോദസഞ്ചാര ഭുപടത്തില്‍ അത്രയൊന്നും പരിചിതമല്ലാത്തൊരിടമുണ്ട്. കല്‍പ്പറ്റ നഗരത്തിന്റെയും ബാണാസുര മലനിരകളുടെയും വിദൂരദൃശ്യം സമ്മാനിക്കുന്ന മയിലാടിപ്പാറ. കല്‍പ്പറ്റ ബൈപ്പാസിനു സമീപം മതിലുപോലെ സ്ഥിതിചെയ്യുന്ന ഈ ഭീമന്‍ പാറയ്ക്കുമുകളില്‍ കയറിയിരുന്നാല്‍ സായാഹ്നങ്ങളില്‍ മലമടക്കുകളിലേക്ക് കുങ്കുമം ചുരത്തി അന്തിയിലേക്ക് മറയുന്ന സൂര്യനെ കാണാം. ആ മനോഹരദൃശ്യം പകരുന്ന അനുഭൂതി ചെറുതൊന്നുമല്ല, ഒരു രാവു മുഴുവന്‍ ആ കാഴ്ചകള്‍ നമ്മൊടൊപ്പം കൂട്ടുവരും. എത്ര പകര്‍ത്തിയാലും മതിവരാത്ത ചിത്രങ്ങളാണ് മയിലാടിപ്പാറ സഞ്ചാരികള്‍ക്കു കരുതിവച്ചിരിക്കുന്ന മറ്റൊരു സമ്മാനം. ഇനിയും പുറംലോകമറിയാത്ത മയിലാടിപ്പാറയുടെ സൗന്ദര്യം സഞ്ചാരിയുടെ പാദസ്പര്‍ശമേറ്റ് ശാപമോക്ഷത്തിനായി കാത്തുക്കിടക്കുകയാണ്. നഗരത്തിരക്കുകളില്‍ നിന്നും പ്രകൃതിയുടെ മൗനം പകരുന്ന ആനന്ദില്‍ ഇത്തിരിനേരം വിശ്രമിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മയിലാടിപ്പാറയിലെ സായാഹ്നം പ്രകൃതിയുടെ വരദാനമാണ്. മഴപെയ്തു രൂപപ്പെട്ട ചാലുകളില്‍ ഇരിക്കാനും തലചായ്ക്കാനുമുള്ള വിശ്രമയിടങ്ങളും മയിലാടിപ്പാറ തന്നെതേടിയെത്തുന്ന അതിഥികള്‍ക്കായി ഒരുക്കിവച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രദേശവാസികള്‍പ്പുറം അറിയാപ്പെടാത്ത ഒത്തിരി സ്ഥലങ്ങളിന്നും വയനാടന്‍ ഭുപ്രകൃതി നിധികുംഭങ്ങള്‍പ്പോലെ കാത്തു സൂക്ഷിച്ചിട്ടുണ്ടെന്നുറപ്പ്…
കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനില്‍ നിന്നും 15 മിനുട്ട് നടക്കാവുന്ന ദൂരമാത്രമെയുളളൂ മയിലാടിപ്പാറയിലേക്ക്. വാഹനത്തിലെത്തുന്നവര്‍ക്ക് കല്‍പ്പറ്റ ബൈപ്പാസ് വഴി മയിലാടിപ്പാറയുടെ താഴ്‌വാരം വരെയെത്താന്‍ കഴിയും. പിന്നീട് കുറച്ചു ദൂരം മുകളിലോട്ട് നടന്നാല്‍ മയിലാടിപ്പാറയുടെ മുകള്‍ഭാഗത്തെത്താം. പ്രധാന ആകര്‍ഷണം കല്‍പ്പറ്റ നഗരത്തിന്റെയും മാനംമുട്ടി നില്‍ക്കുന്ന ബാണാസുര മലനിരകളുടെയും വിദൂരദൃശ്യമാണ്. സൂര്യാസ്തമയം ഏറ്റവും മനോഹരം. മൂന്നുഭാഗങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍ കാണാന്‍ കഴിയും. മുകളില്‍ ചെറിയൊരു ജൈനക്ഷേത്രവുമുണ്ട്. കൂടാതെ പാറയില്‍ കൊത്തിവച്ച കാല്‍പ്പാദങ്ങളും മറ്റ് ആകര്‍ഷണങ്ങളാണ്.
