ആലപ്പുഴ: പൊതുസ്ഥലം, റോഡ് എന്നിവ കൈയേറി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ , ബാനറുകൾ, പരസ്യ ബോർഡുകൾ, തോരണങ്ങൾ എന്നിവ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശം ഉള്ള സാഹചര്യത്തിൽ അത് നീക്കുന്നതിന് ബന്ധപ്പെട്ട സർക്കാർ വകുപ്പുമേധാവികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇത് സംബന്ധിച്ച് നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ആലപ്പുഴ നഗരസഭ ഇതിനകം 1200 ഫ്‌ളക്‌സുകൾ മാറ്റി സ്ഥാപിച്ചതായി അറിയിച്ചു. 10ാം തിയതി മുതൽ നഗരസഭ നടപടി തുടങ്ങി. സ്വമേധയാ ഫ്‌ളക്‌സ് നീക്കം ചെയ്യാത്ത പക്ഷം അത് നീക്കി ചെലവായ തുക ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കാനാണ് നിർദ്ദേശം. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 3200 ഫ്‌ലക്‌സുകൾ നീക്കിയതായി യോഗത്തിൽ പറഞ്ഞു.1159 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഏതെങ്കിലും ഭാഗത്തുനിന്ന് തടസ്സമുണ്ടാവുകയോ പ്രശ്‌നം തുടരുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിന് റിപ്പോർട്ട് ചെയ്താൽ ഉടൻ കേസ് രജിസ്റ്രർ ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു. എടുത്ത നടപടികൾ സംബന്ധിച്ച് 31ന് മുമ്പ് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി പൊതുസ്ഥലം കൈയേറി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ ,ബാനറുകൾ,പരസ്യ ബോർഡുകൾ,തോരണങ്ങൾ എന്നിവ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് അമ്പലപ്പുഴ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം.പി.ഹരികൃഷ്ണൻ അറിയിച്ചു.അല്ലാത്തപക്ഷം ഇത്തരം ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെയും,സ്ഥാപനങ്ങൾക്കെതിരെയും കേരള പഞ്ചായത്ത് രാജ് നിയമപ്രകാരവും ,സർക്കാർ ഉത്തരവ് പ്രകാരവും,കേരള റോഡ് ആൻഡ് സേഫ്റ്റി ആക്റ്റ് പ്രകാരവും ഉചിത നടപടി സ്വീകരിക്കും